തരംതിരിക്കും
അനീഷ് ആലക്കോട്
Friday, June 24, 2022 12:00 AM IST
ഇന്ത്യൻ ക്ലബ് ഫുട്ബോളിൽ മാറ്റത്തിന്റെ വിസിൽ മുഴക്കം. ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗ് ആയ ഐഎസ്എല്ലിലും (ഇന്ത്യൻ സൂപ്പർ ലീഗ്) രണ്ടാം ഡിവിഷനായ ഐ-ലീഗിലും അടുത്ത സീസണ് മുതൽ തരംതിരിക്കൽ ഉണ്ടാകും. അതായത് ഐഎസ്എല്ലിൽ ലീഗ് റൗണ്ടിൽ അവസാന സ്ഥാനക്കാരെ ഐ ലീഗിലേക്ക് തരംതാഴ്ത്തും. അതോടൊപ്പം ഐ ലീഗിലെ മുന്പന്മാർക്ക് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നൽകും.
ഇന്ത്യയിൽ നിലവിൽ സന്ദർശനം നടത്തുന്ന ഫിഫ-എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷൻ) പ്രതിനിധി സംഘത്തിന്റെ തീരുമാനമാണിത്. ഇന്നലെ ഐ ലീഗ് ഷെയർഹോൾഡേഴ്സുമായി നടത്തിയ ചർച്ചയിലാണ് ഫിഫ-എഎഫ്സി പ്രതിനിധി സംഘം ഇക്കാര്യം അറിയിച്ചത്. അടുത്ത സീസണ് മുതലാണ് ഐഎസ്എല്ലും ഐ-ലീഗും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന തരംതാഴ്ത്തലും സ്ഥാനക്കയറ്റവും നടപ്പാക്കുക.
ഐ ലീഗ് ചാന്പ്യന്മാർ
ഐ ലീഗിനെ മറികടന്ന് രണ്ട് വർഷം മുന്പ് ഐഎസ്എല്ലിനെ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗ് ആക്കിയപ്പോൾ, ഐ ലീഗ് ചാന്പ്യന്മാർക്ക് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നൽകുമെന്ന് മുന്പുതന്നെ ധാരണയായതാണ്. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പിന്നീട് അറിയിപ്പ് ഒന്നും നൽകിയിട്ടില്ലെന്ന് ഐ ലീഗ് ചാന്പ്യന്മാരായ ഗോകുലം കേരള എഫ്സിയുടെ അടക്കം പ്രതിനിധികൾ പ്രതികരിച്ചിരുന്നു.
അടുത്ത സീസണ് മുതൽ ഐഎസ്എല്ലിലും തരംതാഴ്ത്തൽ വരുമെന്ന ഫിഫ-എഎഫ്സി പ്രതിനിധി സംഘത്തിന്റെ അറിയിപ്പ് എത്തിയതോടെ ഐ ലീഗ് ക്ലബ്ബുകളുടെ ആശങ്കകൾക്കും വിരാമമായി. ഒപ്പം ഇന്ത്യൻ ക്ലബ് ഫുട്ബോളിന്റെ മുഖഛായയിലും മാറ്റംവരും. സൂപ്പർ കപ്പ് 2023 മുതൽ തിരിച്ചെത്തുന്നുണ്ടെന്നതും ശ്രദ്ധേയം. ഇതോടെ ഐ ലീഗിനുള്ള എഎഫ്സി ക്വാട്ട ഇല്ലാതാകും.
ഐഎസ്എൽ കോട്ട
2014ൽ ആണ് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ഐഎസ്എൽ ആരംഭിച്ചത്. അന്ന് മുതൽ ഇന്നുവരെയായി ഐഎസ്എല്ലിൽ തരംതാഴ്ത്തൽ എന്ന സംവിധാനം ഇല്ല. ലോക ക്ലബ്ബ് പോരാട്ടങ്ങളിലെല്ലാം ഉള്ളതാണ് തരംതാഴ്ത്തലും സ്ഥാനക്കയറ്റവും. എന്നാൽ, തരംതാഴ്ത്തൽ ഇല്ലാത്ത ഉരുക്ക് കോട്ടയായി ഐഎസ്എൽ ഇത്രയും കാലം നിലകൊണ്ടു. അതേസമയം, ഐ ലീഗിൽ തരംതാഴ്ത്തലും സ്ഥാനക്കയറ്റവും ഉണ്ടെന്നതും ശ്രദ്ധേയം.
ഐ ലീഗിൽ കളിച്ചിരുന്ന ഈസ്റ്റ് ബംഗാളിനെ 2020ൽ ഐഎസ്എല്ലിലേക്ക് ഉയർത്തിയിരുന്നു. എടികെ ക്ലബ്ബും ഐ ലീഗിൽ കളിച്ചിരുന്ന മോഹൻ ബഗാനും ലയിച്ച് 2020ൽ എടികെ മോഹൻ ബഗാൻ ആയതുകൊണ്ടാണ് ഈസ്റ്റ് ബംഗാളിന് ഐഎസ്എല്ലിലേക്ക് ക്ഷണം ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും പാരന്പര്യമുള്ള കോൽക്കത്ത ഡെർബിയായ ഈസ്റ്റ് ബംഗാൾ x മോഹൻ ബഗാൻ പോരാട്ടം ഐഎസ്എല്ലിന്റെ ഭാഗമാക്കുകയായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം.
ഗോകുലം കേരള
സ്ഥാനക്കയറ്റം വന്നാൽ കേരള ബ്ലാസ്റ്റേഴ്സിനു പിന്നാലെ ഗോകുലം കേരള എഫ്സിയും കേരളത്തിൽനിന്ന് ഐഎസ്എൽ കളിക്കാനുള്ള സാധ്യത തെളിയും. ഐ ലീഗിൽ തുടർച്ചയായി രണ്ട് തവണ ചാന്പ്യന്മാരായിരിക്കുകയാണ് ഗോകുലം കേരള. മുഹമ്മദൻ എസ് സിക്ക് ആയിരുന്നു 2021-22 ഐ ലീഗിൽ രണ്ടാം സ്ഥാനം. ഐഎസ്എല്ലിൽ 2021-22 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഈസ്റ്റ് ബംഗാളും ആയിരുന്നു അവസാന രണ്ട് സ്ഥാനക്കാർ.