ഐപിഎൽ പ്ലേ ഓഫിൽ ആരൊക്കെ? 7 ടീമുകൾ 3 സ്പോട്ട്
Friday, May 19, 2023 12:54 AM IST
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 16-ാം പതിപ്പ് ലീഗ് റൗണ്ട് അവസാന ദിനങ്ങളിലേക്കു കടന്നപ്പോൾ പ്ലേ ഓഫിൽ ആരൊക്കെയെത്തും എന്നതു സസ്പെൻസായി തുടരുന്നു.
ആകെയുള്ള 10 ടീമുകളിൽ അകത്തോ പുറത്തോ എന്ന തീരുമാനം ഇതിനോടകം അറിഞ്ഞത് മൂന്നു ടീമുകൾ മാത്രം. ഡൽഹി ക്യാപ്പിറ്റൽസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾ പുറത്തായപ്പോൾ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ചു.
ഇനി ശേഷിക്കുന്നത് ഇന്നത്തേത് (പഞ്ചാബ് കിംഗ്സ് x രാജസ്ഥാൻ റോയൽസ്) ഉൾപ്പെടെ അഞ്ചു മത്സരങ്ങൾ മാത്രം. അതിൽ നാളെയും (ഡൽഹി x ചെന്നൈ, കോൽക്കത്ത x ലക്നോ) നാളെ കഴിഞ്ഞും (മുംബൈ x ഹൈദരാബാദ്, ബംഗളൂരു x ഗുജറാത്ത്) ഇരട്ട മത്സരങ്ങളാണ്.
ശേഷിക്കുന്ന അഞ്ചു മത്സരങ്ങളിൽനിന്നു മൂന്നു ടീമുകൾകൂടി പ്ലേ ഓഫിലേക്കു മുന്നേറും. ആ മൂന്നു ടീമുകൾ ഏതൊക്കെയെന്ന് വ്യക്തമാകണമെങ്കിൽ ഞായറാഴ്ച രാത്രി 7.30ന് ആരംഭിക്കുന്ന ബംഗളൂരു x ഗുജറാത്ത് പോരാട്ടംവരെ കാത്തിരിക്കേണ്ടിവരും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ശനിയാഴ്ച ജയിച്ചാൽ ചെന്നൈ, ലക്നോ ടീമുകൾക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.
ഇതിനിടെ സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. ലീഗിലെ അവസാന മത്സരത്തിനായി രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരേ ഇറങ്ങും.