ജർമൻ ബുണ്ടസ് ലിഗ ക്ലൈമാക്സ് ഇന്ന്
Saturday, May 27, 2023 1:04 AM IST
മ്യൂണിക്: ക്ലബ് ഫുട്ബോൾ ലോകത്തെ അഞ്ചു മുൻനിര ലീഗുകളിലൊന്നായ ജർമൻ ബുണ്ടസ് ലിഗയിൽ ഇന്നു ഫോട്ടോ ഫിനിഷ്.
അഞ്ച് മുൻനിര ലീഗുകളിൽ ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം ചാന്പ്യൻ ആരാണെന്നു കഴിഞ്ഞ ആഴ്ചകളിൽ തീരുമാനമായപ്പോൾ ജർമനിയിൽ ആരു കിരീടം നേടുമെന്ന സസ്പെൻസ് അവസാന റൗണ്ടിലെത്തി നിൽക്കുന്നു. ജർമൻ ബുണ്ടസ് ലിഗ 2022-23 സീസണ് ചാന്പ്യൻപട്ടത്തിനായി ചിരവൈരികളായ ബയേണ് മ്യൂണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടുമാണു രംഗത്തുള്ളത്.
ബയേണ്/ഡോർട്ട്മുണ്ട് ?
ജർമൻ ബുണ്ടസ് ലിഗ 2022-23 സീസണിൽ 33 മത്സരങ്ങൾ പൂർത്തിയായപ്പോൾ 70 പോയിന്റുമായി ബൊറൂസിയ ഡോർട്ട്മുണ്ടാണ് ഒന്നാമത്. 68 പോയിന്റുമായി ബയേണ് മ്യൂണിക് രണ്ടാമതുണ്ട്. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.00ന് ഡോർട്ട്മുണ്ട് മെയ്ന്റ്സിനെതിരേയും ബയേണ് കൊളോണിനെതിരേയും ഇറങ്ങും.
ഇന്ന് മെയ്ന്റ്സിനെതിരേ ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്ന ഡോർട്ട്മുണ്ടിന് ജയം നേടാൻ സാധിച്ചാൽ ചാന്പ്യന്മാരാകാം.
ബുണ്ടസ് ലിഗയിൽ ഒന്പതാം തവണ മുത്തമിടാനാണു ബൊറൂസിയ ഡോർട്ട്മുണ്ട് ഒരുങ്ങുന്നത്. 2010-11, 2011-12 സീസണുകളിലാണു ഡോർട്ട്മുണ്ട് അവസാനമായി ബുണ്ടസ് ലിഗ ചാന്പ്യന്മാരായത്. 2012-13 മുതൽ 2021-22വരെയായി തുടർച്ചയായ 10 തവണ ബുണ്ടസ് ലിഗ ചാന്പ്യന്മാരായിരുന്നു ബയേണ് മ്യൂണിക്.