ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശും കടന്ന്
Friday, September 22, 2023 1:41 AM IST
ഹാംഗ്ഷൗ: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യക്കു ജയം. ബംഗ്ലദേശിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കേ, ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.
ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണു കാഴ്ചവച്ചത്. ആക്രമിച്ചുകളിക്കുന്നതിൽ ഇന്ത്യ മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം വന്നില്ല. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ പെനാൽറ്റി കിക്കിലൂടെ ഛേത്രി ഇന്ത്യക്കു ലീഡ് സമ്മാനിച്ചു. 83-ാം മിനിറ്റിൽ ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബംഗ്ലദേശ് ക്യാപ്റ്റൻ റഹ്മത് വീഴ്ത്തിയതിനെത്തുടർന്നാണ് ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്.
വിജയത്തിലൂടെ ഇന്ത്യ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ആദ്യ മത്സരത്തിൽ ചൈനയ്ക്കെതിരേ 5-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ മ്യാൻമറാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് നോക്കൗട്ട് ഉറപ്പിക്കാം.