ചാമ്പ്യന്‍സ് ലീഗ് : കരുത്തര്‍ മുന്നോട്ട്
Friday, September 22, 2023 1:41 AM IST
യുവേഫ ചാന്പ്യൻസ് ലീഗിൽ രണ്ടാം ദിനവും അട്ടിമറികളില്ല. ഇന്നലെ കളത്തിലിറങ്ങിയ ബയേണ്‍ മ്യൂണിക്ക്, റയൽ മാഡ്രിഡ്, ആഴ്സണൽ തുടങ്ങിയ വന്പന്മാർ ജയിച്ചുകയറി. ബയേണ്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആഴ്സണൽ പിഎസ്വി ഐന്തോവനെയും റയൽ മാഡ്രിഡ് യൂണിയൻ ബെർലിനെയും പരാജയപ്പെടുത്തി.
ആവേശപ്പോര്
ആവേശച്ചൂട് ഉച്ചസ്ഥായിലെത്തിയ മത്സരത്തിൽ മൂന്നിനെതിരേ നാലു ഗോളുകൾക്കാണ് യുണൈറ്റഡിനെ ബയേണ്‍ തകർത്തത്. ബ്രസീലിയൻ താരം കാസെമിറോയുടെ ഇരട്ടഗോൾ നേട്ടവും (88’, 90+5’) യുണൈറ്റഡിനു രക്ഷയായില്ല.
മത്സരത്തിന്റെ ആദ്യപകുതിയിൽത്തന്നെ ബയേണ്‍ രണ്ടു ഗോളുമായി യുണൈറ്റഡിനുമേല് ആധിപത്യം നേടി. ലിറോയ് സാനെയും (28’) സെർഗെ നാബ്രിയുമായിരുന്നു (32’) സ്കോറർമാർ. ഗോളി ആന്ദ്രെ ഒനാനയുടെ പിഴവിൽനിന്നായിരുന്നു സാനെയുടെ ആദ്യ ഗോൾ വന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റാസ്മസ് ഹൊയ്ലണ്ടിലൂടെ (49’) യുണൈറ്റഡ് ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ, നാലു മിനിറ്റിനുശേഷം ലീഡ് വർധിപ്പിച്ച് ബയേണ്‍ കരുത്തുകാട്ടി. പെനാൽറ്റി ഗോളാക്കി മാറ്റി ഹാരി കെയ്നാണ് ബയേണിന്റെ ലീഡ് 3-1 എന്ന നിലയിലാക്കിയത്.
88ാം മിനിറ്റിൽ കാസെമിറോ യുണൈറ്റഡിന്റെ കടം ഒരു ഗോളായി കുറച്ചെങ്കിലും തൊട്ടുപിന്നാലെ പകരക്കാരൻ മത്തിസ് ടെല്ലിലൂടെ ബയേണ്‍ നാലാം ഗോളും (90+2) നേടി. മത്സരം അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് കാസെമിറോ (90+5) രണ്ടാം ഗോളും നേടിയെങ്കിലും വിജയത്തിന് അതു പോരാതെവന്നു.
ഇഞ്ചുറി വണ്ടർ
ജൂഡ് ബെല്ലിംഗ്ഹാം ഇഞ്ചുറിടൈമിൽ നേടിയ ഗോളിന്റെ ബലത്തിലാണു ചാന്പ്യൻസ് ലീഗിലെ അരങ്ങേറ്റക്കാരായ യൂണിയൻ ബെർലിനോടു റയൽ മാഡ്രിഡ് രക്ഷപ്പെട്ടത്. ലാലിഗയിൽ അഞ്ചിൽ അഞ്ചു കളിയും ജയിച്ച് ഒന്നാം സ്ഥാനത്തുള്ള റയലിന്, ഗോളടിക്കാൻ ധാരാളം അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. റയലിനുവേണ്ടി ആറു കളികളിൽ ബെല്ലിംഗ്ഹാമിന്റെ ആറാമത്തെ ഗോളാണിത്.
നാലടിച്ച്
മറ്റൊരു മത്സരത്തിൽ ആഴ്സണൽ പിഎസ്വി ഐന്തോവനെ എതിരില്ലാത്ത നാലു ഗോളുകൾക്കു തകർത്തു. ആറു വർഷത്തിനുശേഷം ചാന്പ്യൻസ് ലീഗ് കളിക്കുന്ന ആഴ്സണലിനായി എട്ടാം മിനിറ്റിൽ ബുകായോ സാകയാണു ഗോളടി തുടങ്ങിയത്. ലിയാന്ദ്രോ ത്രോസാഡ് (20’), ഗബ്രിയേൽ ജിസ്യൂസ് (38’), മാർട്ടിൻ ഒഡേഗാർഡ് (70’) എന്നിവരും ഗണ്ണേഴ്സിനായി ലക്ഷ്യംകണ്ടു.
ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ഇറ്റാലിയൻ ചാന്പ്യൻമാരായ നാപ്പോളി സ്പോർട്ടിംഗ് ബ്രാഗയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ നായകൻ ജിയോവാനി ഡി ലോറൻസോയിലൂടെ മുന്നിലെത്തിയ നാപ്പോളിയെ 84-ാം മിനിറ്റിൽ മുന്നേറ്റനിരതാരം ബ്രുമ നേടിയ ഗോളിൽ സ്പോർട്ടിംഗ് ബ്രാഗ സമനിലയില്‍ പിടിച്ചു. എന്നാൽ, മത്സരത്തിന്റെ അവസാന നിമിഷത്തിൽ സികൂ നിയാകാതെയുടെ സെൽഫ് ഗോൾ ബ്രാഗയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി.
രക്ഷകൻ
നിലവിലെ റണ്ണേഴ്സ് അപ്പായ ഇന്റർ മിലാനും റയൽ സോസിദാദും തമ്മിലുള്ള മത്സരം സമനിലയിൽ (1-1) കലാശിച്ചു. 87-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളാണ് മിലാനെ തോൽവിയിൽനിന്നു രക്ഷിച്ചത്. സെവിയ്യ-ലെൻസ് പോരാട്ടവും സമനിലയിൽ (1-1) പിരിഞ്ഞു. ബെൻഫിക്കയെ സാൾസ്ബർഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി.