കോഴി കർഷകർ പ്രക്ഷോഭത്തിലേക്ക്
1588397
Monday, September 1, 2025 4:08 AM IST
പെരിന്തൽമണ്ണ: മൂന്ന് ലക്ഷത്തോളം കർഷകരുള്ള കേരളത്തിലെ കോഴി വളർത്തൽ മേഖല പ്രതിസന്ധിയിൽ. കോഴി വളർത്തുന്ന താൽക്കാലിക ഷെഡുകൾക്ക് വലിയ തോതിലുള്ള ആഡംബര നികുതിയും അതുപോലെ ലേബർ സെസ് നികുതിയും ചുമത്തിക്കൊണ്ട് സർക്കാർ കർഷകർക്കെതിരേ നോട്ടീസുകൾ നൽകിക്കൊണ്ടിരിക്കുകയാണ്.
മാത്രവുമല്ല ഫാം അളന്നു തിട്ട പെടുത്തിയാണ് വലിയ നികുതികൾ ഇപ്പോൾ ചുമത്തി കൊണ്ടിരിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശത്ത് ജോലി ചെയ്തു വലിയ വരുമാനം ഇല്ലാത്ത മടങ്ങിവന്ന പ്രവാസികളും വനിതകളും വിധവകളുമാണ്.
സ്വന്തമായി മറ്റു ജോലികളിൽ ഏർപ്പെടാൻ കഴിയാത്ത ആളുകളുമാണ് കൂടുതലായും കോഴി വളർത്തൽ മേഖലയിലുള്ളത്. സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരേ സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ടിറങ്ങാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മലപ്പുറം പാലക്കാട് ജില്ലകളിലെ സംയുക്ത വിശദീകരണ യോഗം പെരിന്തൽമണ്ണ വ്യാപാര ഭവനിൽ നടന്നു. സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ. കെ.ടി. ഉമ്മർ ഉദ്ഘാടനം ചെയ്തു. കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്നും മറ്റു കർഷകർക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ കോഴി കർഷകർക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഹുസൈൻ വടക്കൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാദറലി വറ്റലൂർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു.
സംസ്ഥാന ട്രഷറർ സൈദ് മണലായ , മലപ്പുറം ജില്ലാ പ്രസിഡന്റ് ഹംസ പാലത്തിങ്ങൽ,മലപ്പുറം ജില്ലാ സെക്രട്ടറി സബീർ പുളിങ്കാവ് , മലപ്പുറം ജില്ലാ ട്രഷറർ ഹംസ പന്തല്ലൂർ,അബ്ദുൽ ഖാദർ വണ്ടൂർ, പാലക്കാട് ജില്ലാ പ്രസിഡന്റ് നാലകത്ത് മുഹമ്മദ്, പാലക്കാട് ജില്ലാ സെക്രട്ടറി സമീർ അലനല്ലൂർ, എന്നിവർ സംബന്ധിച്ചു.
ലത്തീഫ് മണ്ണാർമല, ടി.കെ. നജീബ് എന്നിവർ പ്രസംഗിച്ചു. കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷന്റെ മലപ്പുറം പാലക്കാട് ജില്ലാതല മെമ്പർഷിപ്പ് കാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ഖാദറലി വറ്റല്ലൂർ സുധാകരൻ ചെത്തല്ലൂറിനു നൽകി കൊണ്ട് നിർവഹിച്ചു.