പഞ്ചായത്ത് കാര്യാലയം കത്തിക്കാൻ ശ്രമിച്ചും ജീവനക്കാർക്കുനേരേ കത്തി വീശിയും 50 കാരന്റെ പരാക്രമം
1588711
Tuesday, September 2, 2025 7:59 AM IST
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് കാര്യാലയം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചും ജീവനക്കാർക്കുനേരെ കത്തി വീശിയും മധ്യവയസ്കന്റെ പരാക്രമം. മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തിയാണ് കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദ് (50) ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള മാന്പുഴയിലെ കെട്ടിടത്തിന് അനുമതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു അതിക്രമം.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കന്നാസിൽ പെട്രോളുമായി എത്തിയ മജീദ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്നിലും ഫ്രണ്ട് ഓഫീസ് ഭാഗത്തും ഒഴിച്ചു. അതിനുശേഷം ജീവനക്കാർക്കുനേരേ കൈയിൽ കരുതിയ കത്തി വീശുകയുമായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
തലനാരിഴക്കാണ് ക്ലാർക്ക് ജയേഷ് രക്ഷപ്പെട്ടത്. നിലത്തൊഴിച്ച പെട്രോളിൽ മജീദ് തെന്നി വീണതാണ് ജീവനക്കാർക്ക് രക്ഷയായത്. തുടർന്ന് ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ബലം പ്രയോഗിച്ചാണ് മജീദിനെ കീഴ്പ്പെടുത്തിയത്. തുടർന്ന് കരുവാരക്കുണ്ട് പോലീസും സ്ഥലത്തെത്തി ഇയാളെ പിടികൂടി.
മാന്പുഴയിൽ നിർമിച്ച കെട്ടിടത്തിന് അനുമതി നൽകാൻ പഞ്ചായത്ത് തയാറാകാത്തതും പ്രവാസിയായിരിക്കെ സാന്പാദിച്ച പണം മുഴുവൻ കെട്ടിടത്തിനായി ചെലവഴിച്ചെന്നും മജീദ് പറഞ്ഞു. കാഴ്ച പരിമിതിയുള്ള തന്റെ മകന്റെ ചികിൽസയ്ക്ക് പോലും പണമില്ലാത്ത സ്ഥിതിയാണെന്നും മജീദ് പറഞ്ഞു.
അതേസമയം 2024 ഫെബ്രുവരിയിലാണ് മജീദ് കെട്ടിടത്തിന്റെ ക്രമവത്ക്കരണത്തിന് അപേക്ഷ സമർപ്പിച്ചത്. ഇതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മജീദിന് നോട്ടീസ് നൽകുകയും ചെയ്തതാണ്. പിന്നീട് യാതൊരു മറുപടിയും പഞ്ചായത്തിന് നൽകാതെയായിരുന്നു മജീദ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.