എരുമമുണ്ട ഇരുനൂറിൽ പുലി വളർത്ത് നായയെ കടിച്ചു കൊന്നു
1588396
Monday, September 1, 2025 4:08 AM IST
മലപ്പുറം: എരുമമുണ്ട ഇരുനൂറേക്കറിൽ പുലിയിറങ്ങി വളർത്തു നായയെ കടിച്ചു കൊന്ന് തിന്നു. മുട്ടനോലിക്കൽ ഷിജുവിന്റെ വളർത്തു നായയെയാണ് പുലി കടിച്ചു കൊന്നത്.
പുലി തന്നെയെന്ന് വനം വകുപ്പ് സ്വീരികരിച്ചു. കാമറ ഉൾപ്പെടെ സ്ഥാപിക്കുമെന്നും അടിയന്തരമായി കൂട് സ്ഥാപിക്കുമെന്നും നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച ശേഷംആര്യാടൻ ഷൗക്കത്ത് എംഎൽഎ ആവശ്യ പ്പെട്ടു.സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണം.
കടുവ,പുലി, കരടി, കാട്ടാനകൾ എല്ലാം ജനവാസ മേഖലയിലാണെന്നും എംഎൽ എ പറഞ്ഞു. വന മേഖലയിൽ നിന്നും രണ്ട് കിലോമീറ്റർ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാണ് പുലി നായയെ കടിച്ചു കൊന്നത്. നായയുടെ വയർ ഭാഗം പൂർണമായും ഭക്ഷിച്ച നിലയിലാണ്. രാവിലെ നായക്ക് ഭക്ഷണം കൊടുക്കാൻ എത്തിയപ്പോഴാണ് പുലി കടിച്ചു കൊന്ന നിലയിൽ കണ്ടതെന്ന് ഷിജു പറഞ്ഞു.
രാവിലെ 10.30 തോടെ നായയുടെ ബാക്കി ഭാഗം കൂടി തിന്നാൻ പുലിയെത്തിയത് കണ്ടതായി അയൽവാസി ടോമി പുന്നോലിക്കുന്നേൽ പറഞ്ഞു. 50 വർഷത്തിലേറെയായി ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഏതാനം മാസങ്ങൾക്ക് മുൻപ് മാലാംകുണ്ടിൽനായയെ പുലി കടിച്ചു കൊന്നതിന് ശേഷം ഭക്ഷിച്ചിരുന്നു. നിലവിൽ അവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. നിരവധി ടാപ്പിംഗ് തൊഴിലാളികൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്.
വലിയ ഭയപ്പാടിലാണെന്നും അടിയന്തര നടപടി ഉണ്ടാവണമെന്നും നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു. വനം വകുപ്പിനെതിരേ പ്രദേശത്ത പ്രതിഷേധം ഉയരുകയാണ്.. നിലമ്പൂർ റെയ്ഞ്ചിൽ കാഞ്ഞിരപുഴ വനം സ്റ്റേഷൻ പരിധിയിലാണ് എരുമമുണ്ട ഇരുന്നൂർ ഏക്കർ പ്രദേശം.