സഹകരണ സംഘങ്ങളെ കറവ പശുവാക്കാൻ ശ്രമമെന്ന്
1588083
Sunday, August 31, 2025 5:38 AM IST
നിലന്പൂർ:കെസിഇഎഫ് നിലന്പൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലന്പൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് ധർണ നടത്തി. സഹകരണ മേഖലയെ തകർക്കുന്ന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന ധർണയുടെ ഭാഗമായാണ് നിലന്പൂരിലും ധർണ നടത്തിയത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരെയും കർഷകരെയും ഉൾപ്പെടെ താങ്ങി നിറുത്തുന്ന സഹകരണ പ്രസ്ഥാനത്തെ കറവ പശുവാക്കി മാറ്റി തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കടക്കെണിയെ മറികടക്കാൻ സഹകരണ സംഘങ്ങളെ പ്രയോജനപ്പെടുത്തുകയാണെന്നും വി.എസ്. ജോയ് ആരോപിച്ചു. ഗൾഫ് മേഖലയിലെ പ്രതിസന്ധിയും നാണ്യവിളകളുടെ വില കുറവും മൂലം പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ സഹകരണ സംഘങ്ങളാണ് വലിയ ആശ്വാസമായി നിൽക്കുന്നത്.
ജീവനക്കാരെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥ ഭരണം നടപ്പാക്കാനാണ് സംസ്ഥാന സർക്കാരും വകുപ്പ് മന്ത്രിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിയാജ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി വിൽബി ജോർജ്, സബാദ് കരുവാരക്കുണ്ട്, സി.പി. ഷീജ, പ്രമോദ്, സിജു മാക്സ്, ഇസ്ഹാഖ് പോത്തുകൽ, പ്രദീപ് ചെറുകോട്, പ്രശാന്ത്, സരിത ഗിരിഷ്, പ്രജൂല ചുങ്കത്തറ എന്നിവർ പ്രസംഗിച്ചു.