വന്യമൃഗശല്യം : നിലന്പൂർ മേഖലയിൽ വൈദ്യുത വേലി പുനഃസ്ഥാപിച്ച് വനംവകുപ്പ്
1587366
Thursday, August 28, 2025 6:13 AM IST
നിലന്പൂർ: വന്യമൃഗശല്യം രൂക്ഷമായ നിലന്പൂർ മേഖലയിൽ ജനങ്ങളുമായി കൈകോർത്ത് വനംവകുപ്പ്. സോളാർ വൈദ്യുതവേലികളുടെ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുന്ന നടപടിക്ക് തുടക്കമായി.
ചാലിയാർ പഞ്ചായത്തിലെ മൊടവണ്ണ, പൈങ്ങാക്കോട്, വേട്ടേക്കോട് ഭാഗങ്ങളിലേക്ക് എത്തുന്ന കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമ്യഗങ്ങളെ പ്രതിരോധിക്കാൻ എളംഞ്ചിരി മുതൽ അത്തിക്കൽ വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗത്ത് ലക്ഷങ്ങൾ ചെലവഴിച്ച് വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതവേലി പ്രവർത്തനരഹിതമായിരുന്നു.
ഈ സോളാർ വൈദ്യുത വേലിയാണ് ജനപങ്കാളിത്തത്തോടെ പുന:സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിൻ നിർവഹിച്ചു.
നിലന്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ പി. ധനേഷ് കുമാറാണ് തകരാറിലായ മുഴുവൻ വൈദ്യുത വേലികളും പുന:സ്ഥാപിക്കാൻ നടപടി ആരംഭിച്ചത്.
നോർത്ത് ഡിവിഷനിലെ അകന്പാടം വനം സ്റ്റേഷൻ പരിധിയിൽ വനപാലകർ ജനപങ്കാളിത്തത്തോടെ രണ്ടര കിലോമീറ്റർ ദൂരത്തെ സോളാർ വൈദ്യുതവേലി പ്രവർത്തനക്ഷമമാക്കി പദ്ധതിക്ക് തുടക്കം കുറിച്ചു. ഡിഎഫ്ഒ പി. ധനേഷ് കുമാർ ഇടപെട്ടാണ് തകരാറിലായിരുന്ന ബാറ്ററികൾ ഉൾപ്പെടെ വയനാട്ടിലെത്തിച്ച് പ്രവർത്തനക്ഷമമാക്കിയത്.
പദ്ധതി നിലന്പൂർ നോർത്ത് ഡിവിഷനിലെ എല്ലാ ഭാഗത്തും ഉടൻ യാഥാർഥ്യമാക്കും. ആവശ്യമായ ഭാഗങ്ങളിൽ പുതിയതായി സോളാർ വൈദ്യുത തൂക്കുവേലികളും സ്ഥാപിക്കും. വനം, കൃഷി വകുപ്പുകളുടെയും ഫണ്ടുകളും സിആർഎസ് ഫണ്ടും എംഎൽഎമാരുടെ ഫണ്ടുകളും ഉൾപ്പെടുത്തി വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് വനംവകുപ്പ് തീരുമാനം.