വിദ്യാർഥികളുടെ ഓണാഘോഷം; രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടി
1587611
Friday, August 29, 2025 5:28 AM IST
കരുവാരകുണ്ട്: രൂപമാറ്റം നടത്തിയ ട്രാക്ടർ ഉൾപ്പെടെ ഉപയോഗിച്ച് ഓണം ആഘോഷിച്ച വിദ്യാർഥികളെ വാഹനം സഹിതം പൊക്കി കരുവാരക്കുണ്ട് പോലീസ്. കരുവാരകുണ്ട് ചീനിപ്പാടത്ത് ഓണാഘോഷം നടത്തുകയായിരുന്ന വിദ്യാർഥികളുടെ വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കരുവാരക്കുണ്ട് കണ്ണത്തെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് ഓണാഘോഷം നടത്താൻ രൂപമാറ്റം വരുത്തിയ വാഹനങ്ങളിലെത്തിയത്.
കോളജിലെ ആഘോഷത്തിന് ശേഷം വാഹനങ്ങളുമായി നേരെ എത്തിയത് കാളികാവ് - കരുവാരക്കുണ്ട് മലയോര പാതയിലെ ചീനിപ്പാടത്തേക്കായിരുന്നു. വയലിൽ ഉപയോഗിക്കുന്ന ട്രാക്ടർ മുതൽ ഹൈറേഞ്ച് കയറാൻ ഉപയോഗിക്കുന്ന ജീപ്പുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു വിദ്യാർഥികളുടെ അപകടകരമായ അഭ്യാസം. ഇത്തരത്തിൽ ഒന്‍പത് വാഹനങ്ങളാണ് പോലീസ് പിടികൂടിയത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ ജയൻ, എസ്ഐ സുബ്രഹ്മണ്യൻ, എസ്സിപിഒ മാരായ ഉല്ലാസ്, രാരിഷ്, അരുണ്‍ കുമാർ, ബിജേഷ്, സിപിഒ രതീഷ് എന്നിവരാണ് നേതൃത്വം നൽകിയത്.