‘നിലന്പൂരിൽ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും’
1587868
Saturday, August 30, 2025 5:42 AM IST
നിലന്പൂർ: നിലന്പൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ തടസങ്ങൾ നീക്കി സമയബന്ധിതമായി പൂർത്തീകരിക്കാൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി, ജലനിധി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
കുടിവെള്ള പദ്ധതികൾക്കായി പൊളിച്ച റോഡുകൾ ഉടനടി നന്നാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സമഗ്ര കുടിവെള്ള പദ്ധതിക്കായി കരുളായിയിൽ വാട്ടർ ടാങ്ക് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലത്ത് ഉടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കും.
പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചന നടത്തി മാത്രം പൈപ്പ് ലൈനിനായി റോഡുകൾ കീറാനും പൈപ്പ് ലൈൻ സ്ഥാപിക്കുന്ന മുറയ്ക്ക് തന്നെ റോഡ് നന്നാക്കുന്നതിനും നിർദേശം നൽകി. പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി കീറുന്ന റോഡുകളിൽ ജലനിധി, പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 11, 12 തിയതികളിൽ സംയുക്ത പരിശോധന നടത്തും.
ടിവെള്ള പദ്ധികൾക്കായി റോഡ് കീറി പ്രവൃത്തി നീട്ടികൊണ്ടുപോകുന്നതിലെ പ്രയാസം പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. കരാർ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാനായി കരാറുകാർക്കും നിർദേശം നൽകി.യോഗത്തിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി. ജെയിംസ് (എടക്കര), തങ്കമ്മ നെടുന്പടി (വഴിക്കടവ്), വിദ്യാരാജൻ (പോത്തുകൽ), വൽസമ്മ സെബാസ്റ്റ്യൻ (ചുങ്കത്തറ), കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുരേഷ്ബാബു, ഇ.എസ്. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.