നിലന്പൂരിൽ വന്യജീവിശല്യം തടയാൻ സമഗ്ര പദ്ധതി
1587849
Saturday, August 30, 2025 5:13 AM IST
നിലന്പൂർ: നിലന്പൂർ മണ്ഡലത്തിൽ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകാൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായി. വനംവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതി ആവിഷ്കരിക്കാൻ കർമ സമിതിക്ക് രൂപം നൽകി.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, നിലന്പൂർ നോർത്ത്, സൗത്ത് ഡിഎഫ്ഒമാർ, റേഞ്ച് ഓഫീസർമാർ, തഹസിൽദാർ, ഐടിഡിപി പ്രൊജക്ട് ഓഫീസർ, കൃഷി ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷക പ്രതിനിധികൾ, ആദിവാസി പ്രതിനിധികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് കോർ ഗ്രൂപ്പിന് രൂപം നൽകുന്നത്.
ചുങ്കത്തറയിൽ ജനവാസ കേന്ദ്രത്തിൽ നിലയറുപ്പിച്ച കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്താൻ സത്വര നടപടി സ്വീകരിക്കാൻ യോഗം നോർത്ത് ഡിഎഫ്ഒക്ക് നിർദശം നൽകി. വന്യജീവി സംഘർഷം തടയാൻ സന്നദ്ധ പ്രവർത്തകരായ യുവാക്കളെ ഉൾപ്പെടുത്തി ഇവർക്ക് പ്രത്യേക പരിശീലനവും യൂണിഫോമും നൽകി ദ്രുതകർമ സേനയുണ്ടാക്കും. വന്യജീവി സംഘർഷമുണ്ടാകുന്പോൾ ഉടനടി ഇടപെടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ഇവരെയും നിയോഗിക്കും.
വന്യജീവികളുടെ അക്രമണം കാരണം മലയോരത്ത് കൃഷി ചെയ്യാൻ കഴിയാത്ത ദുരിതവും ജീവൻ നഷ്ടമാകുന്ന ആകുലതകളും കർഷകർ പങ്കുവച്ചു. പതിറ്റാണ്ടുകളായി കൃഷിക്കാർ നികുതിയടക്കുന്ന ഭൂമിയിൽ നികുതി അടക്കുന്നത് തടഞ്ഞുകൊണ്ട് വനംവകുപ്പ് നോട്ടീസ് നൽകുന്നത് നിർത്തിവയ്ക്കണമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ആവശ്യപ്പെട്ടു.
പോത്തുകല്ലിൽ പുലിയെ പിടികൂടാൻ പുതിയ കൂട് സ്ഥാപിക്കാനും തീരുമാനമായി. ആന, പുലി, കരടി, പന്നി, മയിൽ, കുരങ്ങുകൾ തുടങ്ങിയ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയാണ് നിലന്പൂർ മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ വരുത്തുന്നത്. പലയിടത്തും ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്. കൃഷി നാശം കാരണം മലയോര മേഖലയിലെ കർഷകരും പ്രതിസന്ധിയിലാണ്. ഭീതി നിറഞ്ഞ ഈ അവസ്ഥക്ക് പരിഹാരം തേടിയാണ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്.
കാസർഗോഡ് ജില്ലയിൽ മനുഷ്യ വന്യജീവി സംഘർഷം തടയാൻ ജനകീയ പങ്കാളിത്തത്തോടെ സ്വീകരിച്ച നടപടികൾ നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാർ വിശദീകരിച്ചു. വനം വകുപ്പിന് ആവശ്യമായ വാഹനങ്ങളുടെ കുറവുള്ള സാഹചര്യത്തിൽ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു വാഹനം ലഭ്യമാക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു.
വനാതിർത്തികളോട് ചേർന്ന് കിടക്കുന്ന സ്വകാര്യവ്യക്തികളുടെ എസ്റ്റേറ്റുകളിലെ അടിക്കാട് വെട്ടി നീക്കാൻ നടപടി വേണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു. ചുങ്കത്തറയിൽ നിരന്തരം കാണപ്പെടുന്ന കാട്ടാനകളെ തുരത്തുന്ന കാര്യത്തിൽ വ്യക്തമായ സമയ പരിധി കണ്ടെത്താൻ യോഗത്തിൽ കഴിഞ്ഞില്ല.
നഗരസഭ ചെയർപേഴ്സണ് മാട്ടുമ്മൽ സലീം, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, നഗരസഭ വൈസ് ചെയർപേഴ്സണ് അരുമജയകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി. ജെയിംസ് (എടക്കര), തങ്കമ്മ നെടുന്പടി (വഴിക്കടവ്), വിദ്യാരാജൻ (പോത്തുകൽ), വൽസമ്മ സെബാസ്റ്റ്യൻ (ചുങ്കത്തറ),
ഇല്ലിക്കൽ ഹുസൈൻ (അമരന്പലം), കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുരേഷ് ബാബു, എസിഎഫ് അനീഷ സിദ്ദീഖ്, നിലന്പൂർ റേഞ്ച് ഓഫീസർ അഖിൽ നാരായണൻ, വഴിക്കടവ് റേഞ്ച് ഓഫീസർ പി. ഷെറീഫ്, കരുളായി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ, കാളികാവ് റേഞ്ച് ഓഫീസർ രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.