അടക്കാക്കുണ്ടിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ ഇരയില്ല
1587866
Saturday, August 30, 2025 5:42 AM IST
കാളികാവ്: കടുവാ ഭീഷണി നിലനിൽക്കുന്ന അടക്കാക്കുണ്ട് എഴുപതേക്കറിൽ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്നുതിന്ന തൊഴുത്തിന് സമീപത്താണ് കൂട് വച്ചത്. നാട്ടുകാരുടെ നിരന്തര പ്രതിഷേധങ്ങൾക്കൊടുവിലാണ് കൂട്ടിൽ ഇരയെ വയ്ക്കാതെ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
കൂട്ടിൽ ഇരയെ വയ്ക്കാൻ വനംവകുപ്പിന് ഫണ്ടില്ലാത്തതിനാലാണ് കൂട് മാത്രമായി സ്ഥാപിക്കാൻ കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ ഇരയായി ഒരാടിനെ നാട്ടുകാർ വാങ്ങിത്തരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരോട് അഭ്യർഥിച്ചു. കൂട് വയ്ക്കാൻ സമയം ഏറെ വൈകിയെന്ന പരാതിയാണ് നാട്ടുകാർക്കുള്ളത്.
മാത്രവുമല്ല കരുവാരകുണ്ടിൽ നേരത്തെ സ്ഥാപിച്ച കൂടുകളിൽ ഇരയായി വച്ചിരുന്ന വളർത്തുമൃഗങ്ങളെ വനംവകുപ്പ് കൊണ്ടുപോയി ലേലം ചെയ്തതും നാട്ടുകാർക്കിടയിൽ ചർച്ചയാണ്. പശുവിനെ കൊന്നതിന്റെ തൊട്ടടുത്ത രണ്ടുദിവസം കടുവ സമീപത്തെ തൊഴുത്തിനടുത്ത് എത്തിയതായി കാമറകളിൽ പതിഞ്ഞിരുന്നു.
ആ സമയത്തൊന്നും കൂട് സ്ഥാപിക്കാതെ പത്ത് ദിവസങ്ങൾക്ക് ശേഷമാണിപ്പോൾ കൂട് വച്ചിരിക്കുന്നത്. കൂട് മാത്രമായി വച്ചതിനെതിരേ വനം വകുപ്പിനെതിരേ വിമർശനം ഉയർന്നിട്ടുണ്ട്. ഈ കൂട്ടിനടുത്ത് കടുവ വരുമെന്ന പ്രതീക്ഷ നാട്ടുകാർക്കില്ല. വയനാട്ടിൽ നിന്നാണ് ഇവിടേക്ക് കൂടെത്തിച്ചത്.
പശുവിനെ കൊന്നു തിന്ന ദിവസം കൂട് സ്ഥാപിച്ചിരുന്നെങ്കിൽ സ്ഥലം ഉടമസ്ഥൻ മറ്റൊരു പശുവിനെ തന്നെ കൂട്ടിൽ ഇരയായി വയ്ക്കാൻ നൽകുമായിരുന്നു. പത്ത് ദിവസത്തിന് ശേഷം സ്ഥാപിക്കുന്ന കൂട് വനം വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ പര്യായമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
കടുവയുടെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ കടുവയെ പിടികൂടണമെന്ന് കഴിഞ്ഞ ദിവസം അടക്കാക്കുണ്ടിൽ നടന്ന ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ. പത്മാക്ഷന്റെ നേതൃത്വത്തിൽ വനംമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.