വന്യമൃഗശല്യം: ചുങ്കത്തറയിൽ യോഗം ചേർന്നു
1588082
Sunday, August 31, 2025 5:38 AM IST
എടക്കര: വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ചുങ്കത്തറയിൽ യോഗം ചേർന്നു. വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ സമഗ്ര പദ്ധതി തയാറാക്കുന്നതിന് കഴിഞ്ഞ ദിവസം നിലന്പൂരിൽ ചേർന്ന ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും യോഗം തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ചുങ്കത്തറയിൽ യോഗം വിളിച്ചുചേർത്തത്. കരിങ്കോറമണ്ണയിൽ അടിക്കാട് വളർന്ന തേക്കുതോട്ടത്തിലെ കാട് വെട്ടിത്തെളിച്ച് വനത്തിൽ തന്പടിച്ച ആനകളെ തുരത്തും. ഇതിനായി ഇന്ന് മുതൽ പഞ്ചായത്തിന്റെ ചെലവിൽ പത്ത് തൊഴിലാളികളെ നിയോഗിച്ച് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പുതുതായി രൂപീകരിച്ച ദ്രുതകർമ സേനയും ചേർന്ന് കാട്ട് വെട്ടിതെളിക്കാൻ തീരുമാനിച്ചു. ഗ്രാമഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം നിന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൈനബ മാന്പള്ളി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, നിലന്പൂർ റേഞ്ച് ഓഫീസർ അഖിൽ നാരായണൻ, വിവിധ കക്ഷി നേതാക്കളായ താജ സക്കീർ, സി.ഡി. സെബാസ്റ്റ്യൻ, കെ.ടി. കുഞ്ഞാൻ, പറന്പിൽ ബാവ, പുത്തലത്ത് മാനു, സി. ബാലകൃഷ്ണൻ, സി.ആർ. ഗോപാലൻ, പഞ്ചായത്ത് ജീവനക്കാർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.