ഓണം മൂഡിൽ നാടും നഗരിയും
1587865
Saturday, August 30, 2025 5:42 AM IST
തേഞ്ഞിപ്പലം: ഭിന്നശേഷിക്കാരുടെ സംഘടനയായ തേഞ്ഞിപ്പലം "പരിവാർ’ ഓണാഘോഷം നടത്തി.പ്രശസ്ത കഥകളി സംഗീതജ്ഞനും കോട്ടയ്ക്കൽ നാട്യസംഘത്തിലെ അധ്യാപകനുമായ കോട്ടയ്ക്കൽ മധു ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളെ തെരഞ്ഞെടുത്ത് സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന പരിവാർ സംഘടനയെ അദ്ദേഹം അഭിനന്ദിച്ചു. തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളി വികാരി ഫാ. ഏബ്രഹാം സ്രാന്പിക്കൽ സന്ദേശം നൽകി. രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം നാമെല്ലാവരും മനുഷ്യരാണെന്ന ബോധമാണ് ഓണം സമ്മാനിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തേഞ്ഞിപ്പലം പരിവാർ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പരിവാർ സെക്രട്ടറി കൃഷ്ണകുമാർ, തേഞ്ഞിപ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മിനി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സണ് വി.ടി. ബിന്ദു, കോഹിനൂർ റൂറൽ ബാങ്ക് പ്രസിഡന്റ് പ്രദീപ് മേനോൻ, തേഞ്ഞിപ്പലം വൈഎംസിഎ പ്രസിഡന്റ് കെ.സി.ജോസഫ്, സെന്റ് മേരീസ് പള്ളി ട്രസ്റ്റി തോമസ് മാളിയേക്കൽ, ജില്ലാ പരിവാർ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ സിദ്ദീഖ് മാളിയേക്കൽ, തേഞ്ഞിപ്പലം പരിവാറിന്റെ രക്ഷാധികാരി കെ.എൽ.ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടയ്ക്കൽ മധുവിനെ പള്ളി വികാരി ഏബ്രഹാം സ്രാന്പിക്കൽ ഷാളണയിച്ച് ആദരിച്ചു. വിദ്യാർഥികളുടെ മാവേലി വേഷവും കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.
മഞ്ചേരി: ഡോ. സിവിഎസ് ഹെൽത്ത് സെന്ററും പതഞ്ജലി യോഗ സെന്ററും സംയുക്തമായി പൗരാണിക രീതിയിൽ ഓണാഘോഷം നടത്തി. നാടൻ പുക്കളുപയോഗിച്ച് പൂക്കളം, ഓണപ്പാട്ട്, ഓണ നൃത്തം, ഓണ പഴഞ്ചൊല്ലുകൾ, ഓണ പദങ്ങൾ, ഓണക്കളികൾ, പരിചയപെടൽ, ഓണ ഐതിഹ്യം അവതരിപ്പിക്കൽ, ഓർമയിലെ ഓണം ചർച്ച, ഓണവിഭവ വിതരണം എന്നിവ നടത്തി. ദിവാകരൻ അരുകിഴായ അധ്യക്ഷത വഹിച്ചു. ഡോ. സി.വി. സത്യനാഥൻ, അനിൽ മേലാക്കം, പി.സി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
ചുങ്കത്തറ: കൊന്നമണ്ണ ജിയുപി സ്കൂളിൽ ഓണാഘോഷം വാർഡ് അംഗം ബിന്ദു സത്യൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എ.പി. മുസ്തഫ, എസ്എംസി ചെയർമാൻ പി. അനീഷ്, വൈസ് ചെയർമാൻ ഷാജഹാൻ, എംടിഎ പ്രസിഡന്റ് സാനി ബിജു എന്നിവർ പ്രസംഗിച്ചു.
പ്രദേശത്തെ പ്രവാസിയായ തോമസ് ഏബ്രഹാം സ്കൂളിന് ഓണസമ്മാനമായി നൽകിയ പ്രിന്റർ സ്കൂൾ അധികൃതർ ഏറ്റുവാങ്ങി. വിവിധ മത്സരങ്ങളിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. അധ്യാപകരായ ദീപ്തി മാരാത്ത്, സൂസൻ ചാക്കോ, ശ്രീരഞ്ജിനി, സജ്ന, വീണാദേവി, അസൈനാർ, സുനിൽകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എടക്കര: പോത്തുകൽ മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിൽ മെഗാ പൂക്കളത്തോടെ മാവേലിയെ വരവേറ്റ് ഓണാഘോഷം നടത്തി. പരിപാടി വാർഡംഗം കെ. ഷറഫുന്നീസ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് സൈതലവി വരിക്കോടൻ, എസ്എംഎസ് ചെയർമാൻ ഷമീർ മണ്ണേത്ത്, പിടിഎ ഭാരവാഹികളായ നൗഫൽ ചങ്ങരായി, ബാബു മധുരക്കറിയൻ, അധ്യാപകരായ എം.എ. അനുപേഷ്, വി. റീജ, എം.സി. ശൈലജ, ബിന്ദു ജോണ്, കെ.വി. ജിഷ്ണു, പ്രോഗ്രാം കോഓർഡിനേറ്റർ കെ.വി. ജിഷ്ണു എന്നിവർ പ്രസംഗിച്ചു.
തങ്ങളുടെ സഹപാഠികളായ ഭിന്നശേഷി കുട്ടികളെ ഓണപ്പുടവയുമായി അവരുടെ വീടുകളിലെത്തി അവരോടൊപ്പം ആടിയും പാടിയും വിദ്യാർഥികൾ ഓണാഘോഷത്തെ സ്നേഹാർദ്രമാക്കി. വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത വടംവലി മത്സരവും ഏറെ ആവേശകരമായിരുന്നു.
അധ്യാപകരായ കെ.എസ്. രാഗേഷ്, പി.എസ്. രാജേഷ്, പി. വിപിൻ, രാധാമണി, ആര്യ, ശാന്തി, ലത, ലമിഹ, സിജി, സാജിത, പിടിഎ, എസ്എംസി, എംപിടിഎ അംഗങ്ങളും രക്ഷിതാക്കളും നേതൃത്വം നൽകി.
വാണിയന്പലം: വാണിയന്പലം ഹയർ സെക്കൻഡറി സ്കൂളിൽ മാവേലി ഓണാഘോഷത്തിനെത്തിയത് കുതിരപ്പുറത്തേറി. മതസൗഹാർദം ഊട്ടിയുറപ്പിച്ച് കൂടെ അറബിയും ഉണ്ടായിരുന്നത് കൗതുകമായി. മാവേലിയെ ശിങ്കാരിമേളത്തിന്റെ അകന്പടിയോടെ സ്വീകരിച്ചു.
വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ഓണക്കളികളുടെ ഭാഗമായി. തുടർന്ന് ഓണസദ്യയും വിളന്പി. പിടിഎ പ്രസിഡന്റ് വി.എം. അസ്കർ, എസ്എംസി ചെയർമാൻ എടപ്പറ്റ മജീദ്, പ്രിൻസിപ്പൽ സി.വി. അനിത, അധ്യാപകരായ ഇ. ബിനീഷ്, കപിൽദേവ്, സി.ടി. സമീർ, ആർ. ഖദീജ, പി.സി. ഷാഹിദ് തുടങ്ങിയവർ പങ്കെടുത്തു.
പെരിന്തൽമണ്ണ: എംഇഎസ് സംഘടിപ്പിച്ച ഓണാഘോഷം "കേരളീയം 2025’ ശ്രദ്ധേയമായി. കേരളത്തിന്റെ പൈതൃക കലകൾക്ക് ഊന്നൽ നൽകിയുള്ള കലകളും കലാരൂപങ്ങളും പ്രദർശിപ്പിച്ചു. ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്ത പരിപാടിയിൽ ഓണസദ്യയും വിളന്പി. അന്യംനിന്ന് പോകുന്ന കലകൾക്ക് ഒരു വേദിയൊരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും തുടർന്നുള്ള വർഷങ്ങളിലും ഇതുപോലെ കേരള കലകൾക്ക് പ്രാധാന്യം നൽകുമെന്നും എംഇഎസ് മെഡിക്കൽ കോളജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ പറഞ്ഞു.
മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. പി.എ. ഫസൽ ഗഫൂർ ഓണാഘോഷ സന്ദേശം നൽകി. ആഘോഷത്തിന്റെ ഭാഗമായി നടന്ന മലയാളി മങ്ക, മലയാളി ശ്രീമാൻ മത്സരത്തിൽ സർവൈലൻസ് വിഭാഗത്തിലെ ആഷിഖും ബയോമെഡിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ ശീതളും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഓണ മത്സരങ്ങളും സംഘടിപ്പിച്ചു.
മങ്കട: മങ്കട വായനശാല ഓണാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ മേലാറ്റൂർ രവിവർമ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി. അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഗായിക ശ്രിഥ വൈഷ്ണ മുഖ്യാതിഥിയായിരുന്നു. വായനശാല സെക്രട്ടറി പി. ഗോപാലൻ, ഭരണസമിതി അംഗം വിനോദ് മങ്കട, പഞ്ചായത്ത് അംഗം ബിന്ദു നെല്ലാംകോട്ടിൽ, ടി.കെ. അലി അക്ബർ, പി.കെ. കുഞ്ഞുമോൻ,
വാസുദേവൻ നെല്ലാംകോട്ടിൽ, പി. കമാൽ അഹമ്മദ്, മുഹമ്മദലി കള്ളിക്കൽ, ഷൈജു കൊന്നക്കോട്ടിൽ, സി. സാജിത എന്നിവർ പ്രസംഗിച്ചു. തിരുവാതിരക്കളി, ഗാനങ്ങൾ, കവിതകൾ, ഓണപ്പാട്ട്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.