റോഡിൽ വിദ്യാർഥികളുടെ അഭ്യാസ പ്രകടനം; വാഹനങ്ങൾ പിടികൂടി
1587349
Thursday, August 28, 2025 5:33 AM IST
മങ്കട: കോളജ് വിദ്യാർഥികൾ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽമൂന്ന് വാഹനങ്ങൾ മങ്കട പോലീസ് പിടികൂടി. ഇന്നലെ രാവിലെ മുതൽ മങ്കട പാർക്ക് ഓഡിറ്റോറിയത്തിന് അടുത്തുള്ള റോഡിൽ മൂന്ന് ഓപ്പണ്‍ ജീപ്പുകളുമായി വീഡിയോ ഷൂട്ടിനിറങ്ങിയ ജെംസ് കോളജിലെ രണ്ടാംവർഷ വിദ്യാർഥികളാണ് അഭ്യാസം കാട്ടിയത്. മൂന്ന് ജീപ്പുകളിലെ പിറകിലെ ഷീറ്റ് മാറ്റി റോഡിൽ വട്ടം കറക്കിയും സ്റ്റണ്ട് ചെയ്യിക്കുകയുമായിരുന്നു. ഇത് റോഡിലൂടെ പോകുന്നവർക്കും സമീപവാസികൾക്കും അലോസരമുണ്ടാക്കി.
അട്ടഹാസം മുഴക്കിയായിരുന്നു വിദ്യാർഥികളുടെ അഭ്യാസം. ഇതോടെ മങ്കട പോലീസ് ജീപ്പുകൾ കസ്റ്റഡിലെടുത്തു. ജീപ്പുകൾക്ക് മതിയായ രേഖകളോ ഇൻഷ്വറൻസോ ഉണ്ടായിരുന്നില്ല. ഓണാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഇത്തരത്തിൽ രേഖകകളില്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശമുണ്ട്.
പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ ഓണാഘോഷ പരിപാടി നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുമെന്നു മങ്കട പോലീസ് അറിയിച്ചു.
മങ്കട എസ്ഐ ഷരീഫിന്റെ നേതൃത്വത്തിൽ സിപിഒമാരായ അനിൽചാക്കോ, അരുണ്‍ വെങ്ങാട്, ഹബീബ് എന്നിവരുൾപ്പെട്ട സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.