പെരിന്തൽമണ്ണ നഗരസഭയിൽ 14 കുടുംബങ്ങൾക്ക് കൂടി ഭൂമി ലഭ്യമാകുന്നു
1587613
Friday, August 29, 2025 5:28 AM IST
പെരിന്തൽമണ്ണ: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പെരിന്തൽമണ്ണ നഗരസഭയിലെ 14 കുടുംബങ്ങൾക്ക് കൂടി ഭൂമി ലഭ്യമാകുന്നു. നഗരസഭയിലെ എരവിമംഗലം പ്രദേശത്തെ പതിമൂന്ന് കുടുംബങ്ങളുടെയും ജഐൻ റോഡിലെ ഒരു കുടുംബത്തിന്റെയും ചിരകാലാഭിലാഷമാണ് സഫലമാകുന്നത്.
പെരിന്തൽമണ്ണ പഞ്ചായത്ത് ആയിരിക്കെ വർഷങ്ങൾക്ക് മുന്‍പ് വീട് നിർമിച്ച് താമസിക്കുന്നതിനായി 13 കുടുംബങ്ങൾക്ക് മൂന്ന് സെന്റ് വീതം പാതായ്ക്കര വില്ലേജിൽ 42 സെന്റ് സ്ഥലവും ഒരു കുടുംബത്തിന് പെരിന്തൽമണ്ണ വില്ലേജിൽ ജഐൻ റോഡിൽ 4.5 സെന്റ് സ്ഥലവും വിട്ടുകൊടുത്തിരുന്നു. എന്നാൽ ഈ ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ പൊളിഞ്ഞ് വീഴാറായ ഈ വീടുകൾ പുതുക്കി പണിയാനാകാതെ താമസക്കാർ കടുത്ത ദുരിതത്തിലായിരുന്നു. ഈ ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന അവരുടെ ദീർഘനാളത്തെ ആവശ്യമാണിപ്പോൾ നടപ്പാകുന്നത്.
മേൽപ്പറഞ്ഞ ഭൂമിയിൽ സ്ഥിരമായി താമസിക്കുന്നവർക്ക് പട്ടയം ലഭിക്കുന്നതിന് ഭൂമി സർക്കാരിന് വിട്ടുനൽകുന്നതതിന് തയാറാണെന്നറിയിച്ച് കഴിഞ്ഞ മാസം ചേർന്ന പെരിന്തൽമണ്ണ നഗരസഭ കൗണ്‍സിൽ ഏകണ്ഠമായി പ്രമേയം പാസാക്കി സർക്കാരിന് നൽകി.
ഇതോടെയാണ് ഈ പതിനാലു കുടുംബങ്ങൾക്ക് പട്ടയമുള്ള ഭൂമി എന്ന ലഭ്യമാകുന്നത്. നിയമത്തിന്റെ ഒട്ടേറെ കടന്പകൾ കടന്നാണ് ഈ തീരുമാനത്തിലെത്താൻ കഴിഞ്ഞതെന്നും അതിൽ ചാരിതാർഥ്യമുണ്ടെന്നും നഗരസഭ ചെയർമാൻ പി.ഷാജി പറഞ്ഞു.