മലപ്പുറം കോട്ടപ്പടി റോഡ് വികസനം: സാധ്യതാ പഠനം നടത്തും
1587867
Saturday, August 30, 2025 5:42 AM IST
മലപ്പുറം: കോട്ടപ്പടി നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ പി. ഉബൈദുള്ള എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കോട്ടപ്പടിയിൽ മേൽപ്പാലം നിർമിക്കുന്നതിന് കിഫ്ബി 89.92 കോടി അനുവദിച്ചിരുന്നു.
ഈ തുക വിനിയോഗിച്ച് നിർമിക്കുന്ന റോഡിനായാണ് സാധ്യത പഠനം നടത്തുന്നത്. റോഡ് വീതി കൂട്ടുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച് പഠനം നടത്തും. 25.5 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കേണ്ടത്. ഭാവിയിലെ വികസനം കൂടെ മുന്നിൽ കണ്ടാണ് ഈ വീതിയിൽ നാലുവരിപ്പാത നിർമിക്കുന്നത്.
റോഡിന് ആവശ്യമായ സ്ഥലം എത്രയെന്ന് സർവേ നടത്തി അടയാളപ്പെടുത്തും. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കമാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ്, നഗരസഭ ചെയർമാൻ മുജീബ് കാടേരി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മാനേജർ സി. ദേവേശൻ കൗണ്‍സിലർമാരായ സി. സുരേഷ്, പി.കെ. അബ്ദുൾ ഹക്കീം, സി.പി. ആയിഷാബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.