മഞ്ചേരിയിൽ രാത്രികാല പോസ്റ്റ്മോർട്ടം മുടങ്ങിയതിൽ കോണ്ഗ്രസ് പ്രതിഷേധം
1587871
Saturday, August 30, 2025 5:42 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിലെ രാത്രികാല പോസ്റ്റ്മോർട്ടം ഒഴിവാക്കിയ ആരോഗ്യ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി റീത്ത് പൊട്ടിച്ചെറിഞ്ഞ് മഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് പ്രവർത്തകർ സമരം നടത്തി. രണ്ടു വർഷം മുന്പ് മഞ്ചേരി മെഡിക്കൽ കോളജിൽ ചുമതലയേറ്റ ഫോറൻസിക് മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു മഞ്ചേരിയിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യങ്ങളെ മാനിച്ച് സർക്കാർ ഉത്തരവ് പ്രകാരം രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിച്ചത്.
ഈ മാസം 22 ന് ഡോ. ഹിതേഷ് ശങ്കർ മഞ്ചേരിയിൽ നിന്ന് സ്ഥലം മാറി തൃശൂരിൽ 27 ന് ചുമതല ഏൽക്കുകയായിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് മഞ്ചേരിയിൽ രാത്രികാല പോസ്റ്റ്മോർട്ടം നിർത്തുകയും തൃശൂരിൽ ആരംഭിക്കുകയും ചെയ്തു.
മഞ്ചേരി മെഡിക്കൽ കോളജിൽ വീണ്ടും രാത്രികാല പോസ്റ്റ്മോർട്ടം നടക്കുന്ന സാഹചര്യം ഒരുക്കണമെന്ന് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് പ്രതിനിധി സംഘം ആശുപത്രി സൂപ്രണ്ടുമായി കാര്യങ്ങൾ ചർച്ച ചെയ്തു. കാര്യങ്ങൾ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സൂപ്രണ്ട് അറിയിച്ചു. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിലേക്കും സെക്രട്ടറിയറ്റിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈൻ പറഞ്ഞു.
ഭാരവാഹികളായ ഹനീഫ മേച്ചേരി, ഇ.കെ. അൻഷിദ്, പുല്ലഞ്ചേരി അബ്ദുള്ള, സുബൈർ വീന്പൂർ, സി.കെ. ഗോപാലൻ, കെ.കെ. രാധാകൃഷ്ണൻ, സുബ്രഹ്മണ്യൻ, ഷൈജൽ ഏരിക്കുന്നൻ, ജിജി ശിവകുമാർ, ഷംസു മുള്ളന്പാറ, അശോകൻ അരുകിഴായ, ബാലകൃഷ്ണൻ പയ്യനാട് തുടങ്ങിയവർ പ്രസംഗിച്ചു.