നിലന്പൂർ വനം ഓഫീസ് ഉപരോധിച്ച് മണ്ണാർമല പൗരസമിതി
1588081
Sunday, August 31, 2025 5:38 AM IST
പുലിയെ പിടികൂടണം
നിലന്പൂർ:പെരിന്തൽമണ്ണ മണ്ണാർമലയിൽ ജനജീവിതത്തിന് ഭീഷണിയുയർത്തുന്ന പുലിയെ പിടികൂടുക, മനുഷ്യരെ പുലി പിടിക്കും മുന്പ് നടപടി സ്വീകരിക്കുക തുടങ്ങിയാവശ്യങ്ങളുയർത്തി മണ്ണാർമല പൗരസമിതിയുടെ നേതൃത്വത്തിൽ നിലന്പൂർ വനം ഡിവിഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധ ധർണ നടത്തിയത്.
മണ്ണാർമലയിൽ നിരവധി തവണ സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിയുകയും ബൈക്ക് യാത്രക്കാർക്ക് നേരെ പുലി ആക്രമണങ്ങൾ ഉണ്ടായിട്ടും അപകടകാരിയായ പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിൽ നിരവധി പേർ പങ്കെടുത്തു.
വെട്ടത്തൂർ ഗ്രാമപഞ്ചായത്തംഗവും മണ്ണാർമല പൗരസമിതി എക്സിക്യൂട്ടിവ് അംഗവുമായ ഹൈദർ തോരപ്പ ധർണ ഉദ്ഘാടനം ചെയ്തു. ആക്രമകാരിയായ പുലി, ജനവാസ മേഖലയിൽ ഭീതിയുയർത്തുന്പോഴും വിഷയത്തിൽ അയഞ്ഞ സമീപനമാണ് വനം വകുപ്പ് സ്വീകരിക്കുന്നത്.
ഒരു കൂട് സ്ഥാപിച്ച് പോയതല്ലാതെ പുലിയെ കുടുക്കാനുള്ള ഇരയെ പോലും കൂട്ടിനുള്ളിൽ എത്തിക്കുന്നില്ല. വന്യജിവി സംരക്ഷണ നിയമത്തിന്റെ പഴുതുകളിൽ നിന്നുകൊണ്ടു തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. മയക്കു വെടിവച്ച് പുലിയെ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യമ്യഗങ്ങളെ സംരക്ഷിക്കേണ്ട വനംവകുപ്പ് നാട്ടിലിറങ്ങിയ പുലിയെ കാട്ടിൽ കയറ്റാൻ നടപടി സ്വീകരിക്കുന്നില്ല. നിലന്പൂർ വനം സ്റ്റേഷന് മുന്നിൽ നടത്തിയത് സൂചനാ സമരം മാത്രമാണെന്നും പുലിയെ പിടികൂടാൻ വനം വകുപ്പ് തയാറായില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള കടുത്ത സമരമാർഗങ്ങളിലേക്ക് നീങ്ങാൻ മണ്ണാർമല നിവാസികൾ നിർബന്ധിതമാകുമെന്നും ഹൈദർ തോരപ്പ മുന്നറിയിപ്പ് നൽകി.
മണ്ണാർമല പൗരസമിതി ചെയർമാൻ കെ.ബഷീർ അധ്യക്ഷത വഹിച്ചു. കണ്വീനർ സി.പി. റഷീദ്, ഉമ്മർ കോഴിശേരി, നിഷാദ് കോഴിശേരി തുടങ്ങിയവർ പ്രസംഗിച്ചു. പൗരസമിതിയുടെ നേതൃത്വത്തിൽ 50 ലേറെ പേർ ചേർന്ന് നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിന് നിവേദനവും നൽകി.