അങ്കണവാടികളിൽ രുചിയൂറും വിഭവങ്ങൾ സെപ്റ്റംബർ എട്ട് മുതൽ
1587368
Thursday, August 28, 2025 6:13 AM IST
മഞ്ചേരി: അങ്കണവാടികളിൽ പുതുക്കിയ മാതൃകാമെനു സെപ്തംബർ എട്ട് മുതൽ നടപ്പാക്കും. പ്രീ സ്കൂൾ കുട്ടികളിലെ പോഷക നിലവാരം ഉയർത്തുക, എല്ലാവർക്കും മെനു സ്വീകാര്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐസിഡിഎസ് സെല്ലും സംയുക്തമായി ജില്ലാതല മെനു പരിശീലനം മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ സംഘടിപ്പിച്ചു.
ജില്ലയിലെ 29 ഐസിഡിഎസുകളിൽ നിന്നായി സിഡിപിഒ, ഐസിഡിഎസ് സൂപ്പർവൈസർമാർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ തുടങ്ങി 116 പേർ പരിശീലനത്തിൽ പങ്കെടുത്തു. മുട്ട ബിരിയാണി, പുലാവ്, ന്യൂട്രിലഡു, ഇലയട തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് പുതുക്കിയ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചാണ് വിഭവങ്ങൾ തയാറാക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടി. ഗോപകുമാർ, ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ ടി.എൻ. ധന്യ എന്നിവർ പരിശീലനം വിലയിരുത്തി. സിഡിപിഒ വി.എം. റിംസി, ഐസിഡിഎസ് സൂപ്പർവൈസർമാരായ പി. ബാസിമ, പി. മഹീദ, കെ. ഹസ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.