ഓണാഘോഷത്തിലമർന്ന് നാട്
1588084
Sunday, August 31, 2025 5:38 AM IST
പെരിന്തൽമണ്ണ: ജില്ലയിൽ ഓണാഘോഷം സജീവം. ഓണാഘോഷത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിലെ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കിറ്റ്, ബോണസ്, ഓണക്കോടി വിതരണം നടത്തി.
മുൻ എംഎൽഎയും ബിൽഡിംഗ് ആൻഡ് അദർ കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാനുമായ വി.ശശികുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭാ കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ്‍ എ. നസീറ, സെക്രട്ടറി ജെ.ആർ. ലാൽകുമാർ എന്നിവർ പ്രസംഗിച്ചു.
86 ഹരിത കർമ സേനാംഗങ്ങളാണ് നഗരസഭയിൽ ജോലി ചെയ്യുന്നത്. നഗരസഭ നൽകുന്ന 1250 രൂപയുൾപ്പെടെ 3500 രൂപയുടെ ബോണസ്, 600 രൂപ വിലമതിക്കുന്ന ഓണക്കിറ്റ്, ഓണക്കോടി എന്നിങ്ങനെയാണ് വിതരണം ചെയ്തത്. സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർപേഴ്സണ്‍മാരായ അഡ്വ.ഷാൻസി, കെ.ഉണ്ണികൃഷ്ണൻ, സിഡിഎസ് അംഗം ശ്രീജ, ഹെൽത്ത്് സൂപ്പർവൈസർ സി.കെ. വത്സൻ, മെംബർ സെക്രട്ടറി ടി. രാജീവൻ എന്നിവർ പങ്കെടുത്തു. ഹരിതകർമ സേന കോ ഓർഡിനേറ്ററും കൗണ്‍സിലറുമായ പി.എസ്. സന്തോഷ് കുമാർ സ്വാഗതവും ഹരിതകർമ സേന പ്രസിഡന്റ് ഉഷ നന്ദിയും പറഞ്ഞു.
മേലാറ്റൂർ: മേലാറ്റൂർ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ രോഗി സംഗമവും ഓണാഘോഷവും നടത്തി. സിഐ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കോമഡി താരം മുനീർ എപ്പിക്കാട്, മേലാറ്റൂർ ഗ്രാമപഞ്ചായത്ത് മെംബർ വി.ഇ. ശശിധരൻ, മഞ്ചേരി എഫ്എം റേഡിയോ അവതാരകൻ രവികുമാർ എന്നിവർ അതിഥികളായിരുന്നു.
ഫൈൻ മീഡിയ മേലാറ്റൂരിന്റെയും വിവിധ കലാകാരൻമാരുടെയും പരിപാടികൾ അരങ്ങേറി. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ആരാരുമില്ലാത്തവർക്ക് താങ്ങായി നിൽക്കുന്ന മേലാറ്റൂർ പാലിയേറ്റീവ് കെയറിന്റെ വോളണ്ടിയർമാരും പ്രതിനിധികളും പങ്കെടുത്തു.
പാലിയേറ്റീവ് കെയറിലേക്ക് സുമനസുകൾ സൗജന്യമായി നൽകിയ മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റവും ചടങ്ങിൽ നടന്നു
നിലന്പൂർ: നഗരസഭയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ചെയർമാൻ മാട്ടുമൽ സലീം ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലർമാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമ സേന, സാനിറ്റേഷൻ തൊഴിലാളികൾ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, കൃഷിഭവൻ ജീവനക്കാർ, ഫയർഫോഴ്സ് ജീവനക്കാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 500ലധികം പേർ പങ്കെടുത്തു.
വൈസ് ചെയർപേഴ്സണ്‍ അരുമ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.എം. ബഷീർ, കക്കാടൻ റഹീം, യു.കെ. ബിന്ദു, സൈജി മോൾ, സ്കറിയ കിനാതോപ്പിൽ കൗണ്‍സിലർ ഷെർളി മോൾ എന്നിവർ പ്രസംഗിച്ചു.
അങ്കണവാടി വർക്കർമാർ, ആശാവർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, സാനിറ്റേഷൻ തൊഴിലാളികൾ എന്നിവർക്ക് ഓണക്കോടി വിതരണം ചെയ്തു. കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.
കുറ്റൂർ: കുറ്റൂർ നോർത്ത് എംഎച്ച്എംഎൽപി സ്കൂളിൽ ഓർക്കാൻ ഒരു ഓണം എന്ന പേരിൽ ഓണാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ പൂക്കളം തീർത്തായിരുന്നു ആഘോഷം. ഓണക്കളികൾ, തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവ സംഘടിപ്പിച്ചു.
ഓണസദ്യയുമുണ്ടായിരുന്നു. രണ്ടായിരത്തോളം പേർ പങ്കെടുത്തു. ഇഇഒ, ബിപിസി, ബാങ്ക്, ആശുപത്രി, പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളിലുള്ളവർ പങ്കുചേർന്നു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷർമിലി, മനേജർ കെ.പി. ഹുസൈൻ ഹാജി, ഹെഡ്മാസ്റ്റർ ഉണ്ണി, പിടിഎ പ്രിസിഡന്റ് കെ.പി. നിഷാദ്, ബിപിസി തുടങ്ങിയവർ പ്രസംഗിച്ചു.
അമ്മമാർക്കും പിടിഎ അംഗങ്ങൾക്കും മത്സരങ്ങൾ നടത്തി. അധ്യാപകർക്കായി നടത്തിയസാരിച്ചുറ്റൽ മത്സരം ആകർഷകമായി. മുതിർന്നവർക്കുള്ള മെഗാ ബംബർ സമ്മാനത്തിൽ ആയിരം പേർ പങ്കെടുത്തു. സമ്മാനമായി നൽകിയത് വലിയ ഉരുളിയായിരുന്നു.