മങ്കട കന്പിവളപ്പ് നിവാസികളുടെ പട്ടയം അനുവദിക്കണം: എംഎൽഎ
1588086
Sunday, August 31, 2025 5:38 AM IST
മങ്കട: മങ്കട മണ്ഡലം കുറുവ പഞ്ചായത്തിലെ കന്പിവളപ്പ് നിവാസികളുടെ പട്ടയം ഉടൻ അനുവദിക്കണമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ തിരുവനന്തപുരത്ത് റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റവന്യു അസംബ്ലിയിൽ ആവശ്യപ്പെട്ടു.
മിച്ചഭൂമിയായി ഏറ്റെടുക്കാൻ ഉത്തരവായ കോഡൂർ വില്ലേജിലെ കന്പിവളപ്പ് നിവാസികൾക്ക് സർവേ നന്പർ 95/1ൽ ഉൾപ്പെട്ട ഭൂമിയിലെ പട്ടയം നൽകണമെന്ന ആവശ്യം ദീർഘകാലമായി നിലനിൽക്കുന്നതാണ്. 164 അപേക്ഷകരുണ്ടെന്നാണ് കണക്ക്.
പുഴക്കാട്ടിരി മഞ്ഞളാംകുഴി നഗറിൽ എസ്സി-എസ്ടി വിഭാഗക്കാർക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച അപേക്ഷകളും തീർപ്പാകാതെ കിടക്കുന്നു. മണ്ഡലത്തിൽ 288 ദേവസ്വം പട്ടയങ്ങളും ഈ വിധമാണ്. പട്ടയ അസംബ്ലികൾ നടത്തിയിട്ടും ഈ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല.
ഓരാടംപാലം-വെലോങ്ങര ബൈപ്പാസ് നിർമാണത്തിന് 1.26 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് അനുമതിയായതായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരം നൽകാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഭൂവുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നടപടികൾ ത്വരിതമാക്കി സ്ഥലമേറ്റെടുക്കൽ ഉടൻ പൂർത്തിയാക്കണം.
മക്കരപ്പറന്പിൽ സ്മാർട്ട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടത്തിന് നടപടി വേണം. വലന്പൂർ, അങ്ങാടിപ്പുറം വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്താനുള്ള പ്രവൃത്തി ആരംഭിച്ചിട്ടില്ല. കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, കുറുവ എന്നീ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തണം.
മങ്കട വില്ലേജ് ഓഫീസിന് ചുറ്റുമതിലില്ല. ഇതിനും നടപടി വേണം. പനന്പറ്റകടവ് പാലം അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകൊടുത്ത 23 ഭൂവുടമകൾക്ക് 67,55,459 രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.