വാണിയന്പലത്തെ ശുചിമുറി കെട്ടിടം ഉടൻ തുറക്കാൻ നിർദേശം
1588087
Sunday, August 31, 2025 5:38 AM IST
മലപ്പുറം : വണ്ടൂർ പഞ്ചായത്തിലെ വാണിയന്പലം അങ്ങാടിയിൽ ടൂറിസം വകുപ്പ് നാലരകോടി മുടക്കി നിർമിച്ച കുട്ടികളുടെ പാർക്കും ശുചിമുറികളും പൊതുജനങ്ങൾക്ക് ഉടൻ തുറന്നുകൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഏകോപനമില്ലായ്മയും ദീർഘവീക്ഷണത്തിന്റെ അഭാവവും പൊതുതാത്പര്യത്തിലുള്ള അനാസ്ഥയുമാണ് കാര്യങ്ങൾ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സ്വീകരിച്ച നടപടികൾ ഉത്തരവ് കൈപ്പറ്റി രണ്ടുമാസത്തിനുള്ളിൽ കളക്ടർ സമർപ്പിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. രണ്ടു സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കം കാരണം ഒരു പഞ്ചായത്തിൽ നിർമിച്ച ശുചിമുറി സമുച്ചയം ദീർഘകാലം അടച്ചിട്ടിരിക്കുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഉത്തരവിൽ പറഞ്ഞു. ഇത് ശുചിത്വത്തിനുള്ള അവകാശത്തെയും ആരോഗ്യപരമായ ചുറ്റുപാടിനുള്ള അവകാശത്തെയും നേരിട്ട് ബാധിക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
പാർക്കും ശുചിമുറി സമുച്ചയവും 10 വർഷങ്ങൾക്ക് മുന്‍പാണ് നിർമിച്ചത്. വണ്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കമ്മീഷൻ വിളിച്ചു വരുത്തി. വണ്ടൂർ പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലും തമ്മിൽ സ്ഥലത്തിന്റെ പേരിൽ തർക്കമുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ ശുചിമുറി സമുച്ചയവും പാർക്കും പഞ്ചായത്തിനെ തിരിച്ചേൽപ്പിക്കാത്തതാണ് തർക്കത്തിന് കാരണമായത്. വാണിയന്പലം സ്വദേശി ഒ. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.