നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകി
1587870
Saturday, August 30, 2025 5:42 AM IST
രാമപുരം: നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി മാതൃകയാവുകയാണ് സ്വാതന്ത്ര്യസമര സേനാനിയും മലബാർ ഡിസ്ട്രിക്ട് ബോർഡ് വൈസ് പ്രസിഡന്റും ഖിലാഫത്ത് സമര നായകനുമായിരുന്ന കട്ടിലശേരി മുഹമ്മദ് മുസ്ലിയാരുടെ പൗത്രൻ അബ്ദുൾ അസീസ്.
പ്രവാസി സംരംഭകനായ അസീസ് ഇതിനകം പത്തോളം നിർധന കുടുംബങ്ങൾക്ക് വീട് നൽകിയിട്ടുണ്ട്. മണക്കാട്ട് വാക്കത്തൊടി ഇക്ബാലിന്റെ മകനായ അബ്ദുൾ അസീസ് ജീവകാരുണ്യ രംഗത്ത് സജീവമാണ്.
പെരിന്തൽമണ്ണ പാണന്പിയിലെ ഫാത്തിമ സുഹ്റ മുക്കണ്ണന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് നിർവഹിച്ചു.
പതിനൊന്നാമത്തെ വീടാണിത്. ചടങ്ങിൽ ബാബു തിരൂർക്കാട്, ആമീർ പൊരുന്നുമ്മൽ, ഷൈജു കരിഞ്ചാപാടി എന്നിവർ പങ്കെടുത്തു.