കനത്ത മഴയിലും മങ്ങാതെ നാടാകെ ഓണാഘോഷം തുടരുന്നു
1587609
Friday, August 29, 2025 5:28 AM IST
മലപ്പുറം: ശക്തമായ മഴക്കിടയിലും ഓണാഘോഷം തുടരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടനകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളിലുമായി ഓണാഘോഷം നടന്നുവരികയാണ്. അതിനിടയിലെ മഴ ആഘോഷത്തിന് മാറ്റുകുറച്ചിട്ടുണ്ടെങ്കിലും പരിപാടികൾ സജീവമാണ്.
ഏലംകുളം : പുലാമന്തോൾ ലയണ്‍സ് ക്ലബ് ഏലംകുളം ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങളെ ഓണക്കോടി നൽകി ആദരിച്ചു.
ഏലംകുളം ഗ്രാമപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുധീർബാബു അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത പള്ളത്ത്, ക്ലബ് പ്രസിഡന്റ് ലയണ്‍ ടി. വിജയമോഹനൻ, ജോയിന്റ് കാബിനറ്റ് സെക്രട്ടറി ലയണ്‍ രഘുനാഥ് മടവന, റീജിയൻ ചെയർമാൻ ലയണ്‍ ഡോ. നഈമുറഹുമാൻ, സോണ്‍ ചെയർപേഴ്സണ്‍ ലയണ്‍ ശശികുമാർ, ഡിസ്ട്രിക്ട് ചെയർപേഴ്സണ്‍ മുരളി ചിറക്കൽ, ലേഡീസ് ക്ലബ് പ്രസിഡന്റ് ലയണ്‍ റഹീമ, ലയണ്‍സ് അംഗങ്ങളായ ലയണ്‍ രഘുരാമൻ, ലയണ്‍ അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: സിറോ മലബാർ മാതൃവേദി പെരിന്തൽമണ്ണ മേഖല അമ്മമാർക്കായി പെരിന്തൽമണ്ണ വിശുദ്ധ അൽഫോൻസ ഫൊറോന പള്ളി അങ്കണത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങൾ, ഓണപ്പാട്ട്, ഓണക്കളികൾ എന്നിവ നടത്തി. ഓണസദ്യയും ഉണ്ടായിരുന്നു.
മാതൃവേദി പെരിന്തൽമണ്ണ മേഖല ഡയറക്ടറും നെൻമേനി ഇടവക വികാരിയുമായ ഫാ. ജോസഫ് അറക്കൽ, വിവിധ ഇടവകളിലെ മാതൃവേദി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
പൂക്കോട്ടുംപാടം: സർക്കാരും കണ്‍സ്യൂമർഫെഡും സഹകരിച്ച് അമരന്പലം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഹകരണ ഓണവിപണി ചുള്ളിയോട് പ്രവർത്തനമാരംഭിച്ചു. അമരന്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. മുരളീധരൻ, അമരന്പലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൾഹമീദ്, പഞ്ചായത്ത് അംഗങ്ങളായ സി. സത്യൻ, എം.എ. റസാക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. രാജൻ, പി.സി. നന്ദകുമാർ, എൻ.എം. ബഷീർ, സംഘം സെക്രട്ടറി പി.കെ. വിവേക്, ഭരണസമിതി അംഗം കെ.ടി. ചേക്കുണ്ണി എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ: ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നിലന്പൂർ മണ്ഡലത്തിലെ ആശ, അങ്കണവാടി ജീവനക്കാർക്കായി ഒരുക്കിയ ഓണാഘോഷം നിലന്പൂരിന്റെ ഒരുമയുടെ ഉത്സവമായി. ഓണപ്പൊലി എന്ന പരിൽ ആട്ടവും പാട്ടും തിരുവാതിരക്കളിയും വടംവലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയുമായി നടത്തിയ ആഘോഷത്തിനൊടുവിൽ എംഎൽഎയുടെ സ്നേഹസമ്മാനമായി ഓണക്കോടിയും നൽകി.
മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെയും നഗരസഭയിലെയും ആയിരത്തോളം ആശ, അങ്കണവാടി ജീവനക്കാർക്കായാണ് ഓണാഘോഷം ഒരുക്കിയത്. സേവനരംഗത്ത് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ആശ, അങ്കണവാടി ജീവനക്കാരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ചടങ്ങിൽ അധ്യക്ഷനായ ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.
നിലന്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ഓണാഘോഷത്തിൽ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്. ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് പൂക്കളമൊരുക്കി. നഗരസഭയിലെ അങ്കണവാടി ജീവനക്കാരി സാജിദ മാവേലിയായി എല്ലാവരെയും വരവേറ്റു. വടംവലി മത്സരത്തിൽ വഴിക്കടവ് പഞ്ചായത്ത് ഒന്നാമതെത്തി. ചുങ്കത്തറ രണ്ടും കരുളായി മൂന്നും സ്ഥാനം നേടി. തിരുവാതിരക്കളിയിൽ ചുങ്കത്തറക്കാണ് ഒന്നാം സ്ഥാനം. അമരന്പലം രണ്ടും കരുളായി മൂന്നും സ്ഥാനം നേടി. ഓണപ്പാട്ടിൽ എടക്കര ഒന്നാമതെത്തി. കരുളായി രണ്ടും നിലന്പൂർ നഗരസഭ മൂന്നും സ്ഥാനം നേടി. ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.
കരുവാരകുണ്ട്:പുന്നക്കാട് ജിഎൽപി സ്കൂൾ ഓണമാഘോഷിച്ചത് ഭിന്നശേഷിക്കാരോടൊപ്പം.കരുവാരകുണ്ട് പഞ്ചായത്തിലെ 25 ഭിന്നശേഷിക്കാർക്ക് ഓണക്കോടി നൽകിയാണ്കുട്ടികൾ ഓണാഘോഷം സംഘടിപ്പിച്ചത്.
കരുവാരകുണ്ട് മരുതങ്ങലിലെ മർവ ജ്വല്ലറിയാണ് ഓണക്കോടികൾ നൽകിയത്. കെ. ഷഫീഖ്, പിടിഎ പ്രസിഡന്റ് ഷറഫുദീൻ, എസ്എംസി ചെയർമാൻ ബാലകൃഷ്ണൻ, പ്രധാനാധ്യാപിക കെ.പി. രാജശ്രീ, എം. രാധാകൃഷ്ണൻ, കെ. റിയാസ്, വി.പി. നൗഷാദ്, ടി.സി. അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.