കിണറുകൾ ക്ലോറിനേറ്റ് ചെയ്യും അമീബിക് മസ്തിഷ്ക ജ്വരം: ശനിയും ഞായറും ശുചീകരണം
1587369
Thursday, August 28, 2025 6:13 AM IST
മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കുന്നതിനായി 30, 31 തിയതികളിൽ ജനകീയ കാന്പയിൻ നടത്തും. സംസ്ഥാന വ്യാപകമായി നടത്തുന്ന കാന്പയിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടികൾ നടത്തുന്നത്.
ജില്ലയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകൾ കഴുകി വൃത്തിയാക്കുകയും ചെയ്യും. കാന്പയിൻ ഒരുക്കങ്ങൾ വിലയിരുത്താൻ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ കെ. ലതയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ശുചീകരണ പ്രവർത്തനങ്ങൾക്കായി നഗരസഭകൾക്ക് 50,000 രൂപ വരെയും ഗ്രാമപഞ്ചായത്തുകൾക്ക് 25,000 രൂപ വരെയും ചെലവഴിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ളാറ്റുകൾ തുടങ്ങി എല്ലായിടത്തെയും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കാൻ യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തും.
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർതീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവുകൾ തദ്ദേശ സ്ഥാപനങ്ങൾ പരിശോധിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ, ജലനിധി റീജണൽ പ്രോജക്ട് ഡയറക്ടർ ടി.ഐ. മനോജ്, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ടി.എൻ. ജയകൃഷ്ണൻ, ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ ഡോ.പി. സീമ എന്നിവർ പ്രസംഗിച്ചു.