ഓണാഘോഷത്തിൽ മിന്നിത്തിളങ്ങി വിപണിയും
1587612
Friday, August 29, 2025 5:28 AM IST
മാണി താഴത്തേൽ
കരുവാരകുണ്ട്: ഓണം വിളിപ്പാടകലെ എത്തിനിൽക്കുന്പോൾ നാടും നഗരവും ഓണാഘോഷത്തിന്റെ ചമയങ്ങളിൽ മുങ്ങിത്തുടങ്ങി. വ്യാപാര സ്ഥാപനങ്ങൾ കച്ചവട തന്ത്രങ്ങളുടെ പുതുപൂക്കളം തീർക്കുകയാണ്. ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് വിവിധതരത്തിലുള്ള ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ഓണാഘോഷത്തിന് പ്രത്യേകിച്ച് ആവശ്യമില്ലാത്ത വസ്തുക്കളുടെ വിപണന കേന്ദ്രങ്ങൾ വരെ സമ്മാനങ്ങളും ഓഫറുകളും വിളംബരം ചെയ്തിരിക്കുകയാണ്. കടകൾ അലങ്കരിച്ചും തോരണങ്ങൾ തൂക്കിയും മാവേലിയുടെ ചിത്രങ്ങൾ പതിച്ചും ഓണാശംസകൾ ആലേഖനം ചെയ്ത പോസ്റ്ററുകൾ പതിച്ചും വിവിധതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചും കടയുടെ മുൻഭാഗത്തേക്ക് പന്തൽക്കെട്ടി ഉച്ചത്തിൽ പാട്ടുകൾ പാടിച്ചുമെല്ലാമാണ് വ്യാപാരസ്ഥാപനങ്ങൾ കച്ചവട തന്ത്രങ്ങൾ പൊടിപൊടിക്കുന്നത്.
വസ്ത്രശാലകളാണ് ആഘോഷത്തെ വരവേൽക്കാനുള്ള തന്ത്രങ്ങളിൽ മുന്‍പന്തിയിൽ നിൽക്കുന്നത്. കടകാലിയാക്കൽ വസ്ത്രങ്ങൾക്ക് 80 ശതമാനം വിലക്കിഴിവ് തുടങ്ങിയവ പ്രഖ്യാപിച്ച് പ്രാദേശിക ഓണ്‍ലൈൻ ചാനൽ വഴി പരസ്യങ്ങൾ നൽകിയുമെല്ലാമാണ് വ്യാപാരം തകർക്കുന്നത്. ഇലക്ട്രോണിക്, മൊബൈൽ ഷോപ്പുകൾ, വാഹന വിൽപ്പന കടകൾ, ഫർണിച്ചർ കടകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെല്ലാം ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുകയാണ്.
ഇതിനു പുറമെ സഹകരണ ബാങ്കുകളുടെയും മറ്റും നേതൃത്വത്തിലും ഓണ വിപണി ഒരുക്കിയിട്ടുണ്ട്. ഖാദി തുണിത്തരങ്ങളും വിലക്കിഴിവിൽ ലഭ്യമാണ്.കനത്ത മഴയും പ്രകൃതി ദുരന്തങ്ങളും കാരണം വ്യാപാര മേഖലയിൽ മാസങ്ങളായി മാന്ദ്യമായിരുന്നു. സീസണിലെ കച്ചവടത്തിൽ നിന്ന് വേണം കച്ചവടമില്ലാത്ത സമയത്തെ വാടക, തൊഴിലാളികളുടെ ശന്പളം, വൈദ്യുതി ചാർജ്, മറ്റു വിവിധ ചെലവുകൾ തുടങ്ങിയവയെല്ലാം തീർക്കാൻ.
ഒന്നിന്റെ കൂടെ മറ്റൊന്ന് ഫ്രീയായും വിലക്കിഴിവ് നൽകിയും വൻ സമ്മാനങ്ങൾ ഏർപ്പെടുത്തിയുമെല്ലാമാണ് വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വഴി തേടുന്നത്.
ഓഫറുകളും സമ്മാനങ്ങളുമായി വ്യാപാര സ്ഥാപനങ്ങൾ അലങ്കരിച്ച് തുടങ്ങിയതോടെ കച്ചവടങ്ങളിൽ ഗണ്യമായ വർധനവ് ഉണ്ടെന്നും വ്യാപാരികൾ പറയുന്നു. അതേ സമയം രണ്ടുദിവസമായി പെയ്യുന്ന മഴയാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.