ഒപ്റ്റിക്കൽ അസോസിയേഷൻ വെൽഫെയർ ഫണ്ട് പദ്ധതി തുടങ്ങി
1587373
Thursday, August 28, 2025 6:13 AM IST
പെരിന്തൽമണ്ണ: കണ്ണട വ്യാപാരികൾക്കായി ഒപ്റ്റിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച വെൽഫെയർ ഫണ്ട് പദ്ധതിക്ക് മലപ്പുറം ജില്ലയിലും തുടക്കമായി. പദ്ധതിയിൽ അംഗമായ വ്യാപാരിക്ക് മരണം ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ സംഭവിക്കുന്പോൾ ആറ് ലക്ഷം രൂപ വരെ സഹായം ലഭിക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം ക്ഷേമ പെൻഷനുകളും ചികിത്സാ പദ്ധതികളും ലക്ഷ്യമിടുന്നു. പദ്ധതിയുടെ മലപ്പുറം ജില്ലയിലെ ഉദ്ഘാടനം ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സക്കറിയ ഫസിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.പി. സലീംഹാജി മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി സച്ചുലാൽ തിരുവനന്തപുരം വെൽഫെയർ ഫണ്ട് ഐഡി കാർഡ് വിതരണവും നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ശ്രീവത്സൻ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു.
ബിസിനസ് മോട്ടിവേഷൻ ക്ലാസിന് ബിസിനസ് പ്രമോട്ടർ പി. അബ്ദുൾ മജീദ് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ബദറുബിച്ചു, മുസ്തഫ പുലാമന്തോൾ, സംസ്ഥാന ഭാരവാഹികളായ ശ്രീകുമാർ, ഷാജഹാൻ, ഗിരീഷ് കുമാർ, പ്രവീണ്‍, ജലീൽ ലെൻസ് മാൻ എന്നിവർ പ്രസംഗിച്ചു. ഒപ്റ്റിക്കൽ എക്സിബിഷനും ലെൻസ് പുതിയ ടെക്നോളജികളെക്കുറിച്ചുള്ള ബോധവത്കരണവും നടത്തി.