ജില്ലയിൽ ഓണച്ചന്തകൾ സജീവം
1588716
Tuesday, September 2, 2025 7:59 AM IST
മലപ്പുറം: മലപ്പുറം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റ് വളപ്പിൽ ഓണച്ചന്ത ആരംഭിച്ചു. വിവിധ പച്ചക്കറികൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവ ചന്തയിൽ ലഭിക്കും. നാല് വരെ രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം ആറ് വരെ ചന്ത പ്രവർത്തിക്കും.
ഓണച്ചന്ത പി. ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ശ്രീലേഖ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രീതകുമാരൻ, കൃഷി അസിസ്റ്റന്റ് ശ്രീലജ, കൃഷി അസിസ്റ്റന്റ് ഇജാസ് അഹ്മദ്, മുഹമ്മദ് അലി, ആത്മ ബാലകൃഷ്ണൻ, സൈതലവി, സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ: ഓണം വിപണിയിൽ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികളുമായി കൃഷിഭവന്റെയും കുടുംബശ്രീയുടെയും ഓണച്ചന്തകൾ ആരംഭിച്ചു. നിലന്പൂർ നഗരസഭ കൃഷിഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് മൂന്ന് ദിവസങ്ങളിലായി ഓണച്ചന്തകൾ നടത്തുന്നത്. ഓണവിഭവങ്ങൾ കുറഞ്ഞ വിലയ്ക്ക് സബ്സിഡിയോടെ ജനങ്ങൾക്ക് നൽകുന്നതിനാണ് കൃഷിവകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓണച്ചന്ത നടത്തുന്നത്. ഇതിലൂടെ കർഷകന് അവരുടെ ഉത്പന്നങ്ങൾക്ക് പൊതുവിപണിയിൽ ലഭിക്കുന്നതിനേക്കാൾ 20 ശതമാനം വില കൂടുതൽ ലഭിക്കും. പച്ചക്കറികൾ വാങ്ങുന്നവർക്ക് പൊതുവിപണിയിലെ വിലയിൽ നിന്ന് 30 ശതമാനത്തിന്റെ കുറവും ലഭിക്കും.
കൃഷിഭവന്റെ ഓണച്ചന്ത നഗരസഭ വൈസ് ചെയർപേഴ്സണ്‍ അരുമ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.എം.ബഷീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സ്കറിയ ക്നാം തോപ്പിൽ, യു.കെ. ബിന്ദു, കൃഷി അസിസ്റ്റന്റ് ഷിബു, നഗരസഭ കൗണ്‍സിലർമാർ, കൃഷിവകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
പൊതുവിപണിയേക്കാൾ 10 മുതൽ 20 ശതമാനം വരെ കുറവിലാണ് കുടുംബശ്രീയുടെ ഓണച്ചന്തയിൽ പച്ചക്കറികൾ ഉൾപ്പെടെ നൽകുന്നത്. കുടുംബശ്രീയുടെ ഓണച്ചന്തയിൽ ഇക്കുറി മറ്റ് പായസങ്ങൾക്ക് ഒപ്പമുള്ള കൂണ് പായസമാണ് ആകർഷണം. കുടുംബശ്രീയുടെ ഓണച്ചന്ത നഗരസഭാ വൈസ് ചെയർപേഴ്സണ്‍ അരുമ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് പ്രസിഡന്റ് വി. വസന്ത അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സ്കറിയ ക്നാം തോപ്പിൽ, യു.കെ. ബിന്ദു, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ സിനി സുന്ദരൻ, നഗരസഭ കൗണ്‍സിലർമാർ, സിഡിഎസ്, എഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നാടൻ പച്ചക്കറികളാണ് ഓണച്ചന്തയിലുള്ളത്. കൃഷിഭവന്റെ ചന്ത നഗരസഭാ പരിസരത്തും കുടുംബശ്രീ ചന്ത വീട്ടിക്കുത്ത് റോഡിലുമാണ്.
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജില്ലാ മിഷനുമായി സഹകരിച്ച് പുലാമന്തോൾ ടൗണിലും പാലൂർ കൃഷിഭവന് മുന്നിലും നടത്തുന്ന വിപണനമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ പനങ്ങാട്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടി. സാവിത്രി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മുഹമ്മദ് മുസ്തഫ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എം.ടി. നസീറ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, കെ. മുഹമ്മദ്കുട്ടി, എൻ.പി. റാബിയ, സിഡിഎസ് ചെയർപേഴ്സണ്‍ വി.പി. ജിഷ, സിഡിഎസ് മെന്പർമാർമാരായ ശാലിനി, പ്രസന്ന, എംസിമാരായ എം. മുഹമ്മദ് ഉനൈസ്, അസ്മാബി തുടങ്ങിയവർ സംബന്ധിച്ചു. കുടുംബശ്രീ സിഡിഎസിന് കീഴിലെ എംഇ, ജെഎൽജി സംരംഭങ്ങളുടെ പച്ചക്കറി, പലചരക്ക് സാധനങ്ങൾ, പായസം, ലൈവ് ചായ, പലഹാരം തുടങ്ങിയവ ചന്തയിൽ ലഭ്യമാണ്.
വണ്ടൂർ: വണ്ടൂർ മണലിമേൽപാടം ബസ് സ്റ്റാൻഡിൽ തുടക്കമായ കൃഷിഭവന്റെ ഓണച്ചന്തയിൽ തിരക്കേറുന്നു. പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം വിലക്കുറവിലാണ് വിൽപ്പന. എ.പി. അനിൽകുമാർ എംഎൽഎ കാർഷികച്ചന്ത ഉദ്ഘാടനം ചെയ്തു.
കർഷകരിൽ നിന്ന് കൂടുതൽ വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങി പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന. എഡിഎ നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. എല്ലാത്തരം പച്ചക്കറികളും വിൽപ്പനയ്ക്കുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, വൈസ് പ്രസിഡന്റ് പട്ടിക്കാടൻ സിദ്ദീഖ്, വി.എ.കെ. തങ്ങൾ, കൃഷി ഓഫീസർ ടി. ഉമ്മർകോയ തുടങ്ങിയവർ പങ്കെടുത്തു.