കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
1588715
Tuesday, September 2, 2025 7:59 AM IST
എടക്കര: വിൽപ്പനക്കായി കൈവശം വച്ച 210 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മരുത കീരിപൊട്ടി വളപ്പിൽ നിധിൻ (22), മരുത കെട്ടുങ്ങൽ അനന്തു (22) എന്നിവരെയാണ് വഴിക്കടവ് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
മരുത പരലുണ്ടയിലുള്ള നിധിന്റെ ബന്ധുവീട്ടിൽ ഇരുവരും കഞ്ചാവ് പൊതിഞ്ഞ് വയ്ക്കുന്നുണ്ടെന്ന് നിലന്പൂർ ഡിവൈഎസ്പി സാജു. കെ.ഏബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും പോലീസ് കണ്ടെടുത്തു.
നിധിന്റെ പേരിൽ കഞ്ചാവ് കടത്തിയതിന് എക്സൈസിലും മോഷണ കേസിൽ റെയിൽവേ പോലീസിലും കേസുകളുണ്ട്. എസ്ഐ പി. ഹേമനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രിൻസ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.