പെയിന്റിംഗ് ജോലിക്കിടെ കാർ കത്തിനശിച്ചു
1588713
Tuesday, September 2, 2025 7:59 AM IST
മഞ്ചേരി: വർക്ക്ഷോപ്പിൽ പെയിന്റിംഗ് ജോലിക്കിടെ കാർ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിന് മഞ്ചേരി പുല്ലൂർ അത്താണിക്കലിലെ വർക്ക് ഷോപ്പിലാണ് സംഭവം.
പുല്ലൂർ കൈനിക്കര മുഹമ്മദ് ഷാഹിദിന്റെ മാരുതി റിട്സ് കാർ ആണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ പത്തിനാണ് കാർ പെയിന്റ് ചെയ്യാൻ വർക്ക് ഷോപ്പിൽ നൽകിയത്. വൈകുന്നേരം മൂന്നിന് വർക്ക്ഷോപ്പ് ഉടമയാണ് വാഹനം കത്തിയതായി അറിയിച്ചതെന്ന് ഷാഹിദ് പറഞ്ഞു.
കാറിന്റെ പിറകുവശത്ത് പെയിന്റ് ചെയ്യുന്നതിനിടെ മുൻഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും പെട്ടെന്ന് വലിയ രീതിയിൽ തീ ഉയർന്നു. മഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.