സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥി ടിപ്പർ ലോറിയിടിച്ചു മരിച്ചു
1588737
Tuesday, September 2, 2025 10:32 PM IST
എടവണ്ണ: ടിപ്പർ ലോറിയുടെ പിറകിലിടിച്ച സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ വിദ്യാർഥി മറ്റൊരു ടിപ്പർ ലോറിയിടിച്ച് മരിച്ചു. എടവണ്ണ ആര്യൻതൊടികയിലെ കരിന്പനക്കൽ അഷ്റഫിന്റെ മകൻ ഹനീൻ (17) ആണ് മരിച്ചത്.
എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. സുഹൃത്തിനൊപ്പം ബൈക്കിന്റെ പിറകിലിരുന്ന് ഒതായി ഭാഗത്തേക്ക് പോകുന്പോൾ ചൊവ്വാഴ്ച രാവിലെ ഏഴോടെ എടവണ്ണ -ഒതായി- അരീക്കോട് പാതയിൽ മുണ്ടേങ്ങരയിലാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയുടെ പിറകിലിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ഹനീൻ തെറിച്ച് വീണ് എതിരേ വന്ന ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്ത് കാരക്കുന്ന് സ്വദേശി മുഹമ്മദ് നജീദിനെ (22) എടവണ്ണ ഇഎംസി ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി മാറ്റി. ബുഷ്റയാണ് ഹനീന്റെ മാതാവ്. സഹോദരങ്ങൾ: അഷ്ഫഖ്, ഹിബാ ഷെറിൻ.