തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആനയൂട്ട്
1588398
Monday, September 1, 2025 4:08 AM IST
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രനടയിൽ നടത്തിയ ആനയൂട്ടിന് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
തിരുമാന്ധാംകുന്ന് തട്ടകം ആനപ്രേമി കൂട്ടായ്മയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഗജ പൂജ നടത്തി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജുവും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാലും ചേർന്ന് നിവേദ്യം നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു.
ഭക്തജനങ്ങൾ ഗണേശ സങ്കൽപ്പത്തിൽ ഗജവീരന്മാർക്ക് ഭക്ത്യാദരപൂർവം പഴവർഗങ്ങളും നാളികേരവും ശർക്കരയും നൽകി സായൂജ്യം തേടി.
കേരളത്തിലെ പേരെടുത്ത ഗജവീരൻ ചിറക്കൽ കാളിദാസനൊപ്പം ഗീതാഞ്ജലി പാർത്ഥസാരഥി ,ചിറ്റേപുറത്ത് ശ്രീക്കുട്ടൻ, പാലക്കൽ ശ്രീമുരുകൻ എന്നീ ആനകൾക്കാണ് ഊട്ടൊരുക്കിയത്.
പഴയ പ്രതാപത്തിൽ തുടർ വർഷങ്ങളിലും ആനയൂട്ട് അതിഗംഭീരമായി നടത്തുമെന്ന് തട്ടകം ആനപ്രേമി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.