വിദ്യാർഥികളുടെ ഓണാഘോഷം; നെഞ്ചിടിപ്പേറി രക്ഷിതാക്കൾ
1588401
Monday, September 1, 2025 4:08 AM IST
കരുവാരകുണ്ട്: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും കലാലയങ്ങൾക്ക് പുറത്തുമായി വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ അതിരുവിടുമ്പോൾ നെഞ്ചിടിപ്പേറി രക്ഷിതാക്കൾ.
കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ടാണ് ഓണം വിപുലമായി കലാലയങ്ങളിൽ ആഘോഷിക്കാൻ തുടങ്ങിയത്. കലാലയങ്ങൾ കേന്ദ്രീകരിച്ചും കലാലയങ്ങൾക്ക് പുറത്തും ആഘോഷങ്ങൾ മുൻ വർഷത്തേക്കാൾ പൊടിപ്പും തൊങ്ങിലും വർധിപ്പിക്കാൻ വിദ്യാർഥികൾ മത്സരിക്കുമ്പോൾ നെഞ്ചിടിപ്പേറുന്നത് രക്ഷിതാക്കൾക്ക്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ആഘോഷം നിറമുള്ളതാക്കാൻ വിദ്യാർഥികൾ മത്സരിക്കുകയാണ്. ഇതിന്റെ ഭാഗമായി പലതരത്തിലുള്ള വാഹനങ്ങൾ കലാലയത്തിൽ എത്തിച്ചും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞും വിവിധതരത്തിൽ നൃത്തങ്ങളും കലാ കായിക മത്സരങ്ങളുമെല്ലാമായി വൻ തുകയാണ് ആഘോഷങ്ങൾക്കായി ചെലവഴിക്കുന്നത്.
സാധാരണക്കാരായ രക്ഷിതാക്കൾക്ക് പോലും കുട്ടികൾക്ക് ഇത്തരം വസ്ത്രങ്ങൾ ലഭ്യമാക്കാൻ വേണ്ടി പണം മുടക്കേണ്ടി വരികയാണ്. എൽ.പി തലം മുതൽ ഇത്തരംവസ്ത്രങ്ങളിലെ ഒരുമ പ്രകടമാകുന്നുണ്ട്. കലാലയത്തിന് പുറത്തേക്ക് വാഹനങ്ങളും പടക്കങ്ങളുമായി ആഘോഷം നീളകയാണ്.
ആൺകുട്ടികൾ പെൺകുട്ടികളും ആഘോഷങ്ങളിൽ പങ്കെടുത്ത് റോഡുകളിൽ നിറഞ്ഞ് നൃത്തം വച്ച് യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മാറുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് ധാരാളം വാഹനങ്ങളാണ് പിടിച്ചെടുത്തത്.
വാഹനങ്ങളല്ലൊം വൻ വിലയുള്ള വാഹനങ്ങളുമാണ്. ആഘോഷ ദിവസങ്ങളിൽ യൂണിഫോം വേണ്ടെന്ന മന്ത്രിയുടെ പ്രസ്താവന മുൻനിർത്തി കൂടിയാണ് കുട്ടികൾ യൂണിഫോം ഒഴിവാക്കി നിറമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഏതാനും മത്സരങ്ങളിലും സദ്യയിലും ഒതുങ്ങിയിരുന്ന ആഘോഷങ്ങളാണ് പാതകളിലേക്കും അങ്ങാടികളിലേക്കുമായി മാറിയത്.
ഓണം ഉൾപ്പെടെയുള്ള മുഴുവൻ ആഘോഷങ്ങളിലും പരിധി നിശ്ചയിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും രക്ഷിതാക്കൾ പറയുന്നു. ആഘോഷങ്ങൾക്കിടയിൽ വിദ്യാർഥി സംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളും നടക്കാറുണ്ട്. കഴിഞ്ഞദിവസം പാലക്കാട് അട്ടപ്പാടിയിൽ ആഘോഷങ്ങൾക്കിടയെ വിദ്യാർഥി കുഴഞ്ഞുവീണ് മരണപ്പെടുകയും ചെയ്തിരുന്നു.
ഇത്തരം ആഘോഷങ്ങൾക്കിടയിലാണ് മദ്യവും ലഹരി വസ്തുക്കളും വിദ്യാർഥികൾക്കിടയിൽ വ്യാപകമായി വിൽപ്പന നടത്തുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ലഹരി മാഫിയഇത്തരം ആഘോഷങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതായും സൂചനയുണ്ട്. ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും തയ്യാറാവണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.