കെഇആർ ഭേദഗതി; സംഘടനകളെ വരുതിയിൽ വരുത്താനുള്ള നീക്കമെന്ന് എംഎൽഎ
1588718
Tuesday, September 2, 2025 7:59 AM IST
പെരിന്തൽമണ്ണ: കെഇആർ ഭേദഗതി വരുത്തി സംഘടനകളെ നിയന്ത്രിക്കാനും വരുതിയിൽ വരുത്താനുമുള്ള സർക്കാർ നീക്കത്തിന് വലിയ വില നൽകേണ്ടിവരുമെന്ന് നജീബ് കാന്തപുരം എംഎൽഎ. അധ്യാപക സംഘടനകളെ നിയന്ത്രിക്കാൻ റഫറണ്ടം നടപ്പാക്കുക വഴി കെഇആർ ഭേദഗതി വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരേ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ(കെഎടിഎഫ്) നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടിക്കാനുള്ള അവകാശം ഉണ്ടായിരിക്കെ തൊഴിലാളികളുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ തന്നെ തൊഴിലാളി വിരുദ്ധ പ്രവർത്തനം നടത്തുന്നത് ശരിയല്ലെന്ന് എംഎൽഎ പറഞ്ഞു.
കോടതി വിധിയുടെ മറവിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന നടപടി ശരിയല്ലെന്ന് മാത്രമല്ല നിലവിലെ ചട്ടപ്രകാരം റഫറണ്ടം നടപ്പാക്കി അധ്യാപ സംഘടനകൾക്ക് അംഗീകാരം നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. അറബി, സംസ്കൃതം സാഹിത്യോത്സവങ്ങളിൽ നിന്ന് മത്സരയിനങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കെഎടിഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹുസൈൻ പാറൽ, ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് പി.കെ. സിയാദ്, വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി എ. ഫൈസൽ ഷാനവാസ്, കമ്മിറ്റി അംഗങ്ങളായ വി. അനീസ് ബാബു, എം. നൗഫൽ നസീർ, പി.പി. സക്കീർ ഹുസൈൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.