നിലന്പൂരിലെ ട്രെയിൻ യാത്രക്കാർക്കായി രണ്ട് കെഎസ്ആർടിസി സർവീസുകൾ കൂടി
1588714
Tuesday, September 2, 2025 7:59 AM IST
നിലന്പൂർ: നിലന്പൂർ റെയിൽവെ സ്റ്റേഷനിൽ രാത്രി എത്തുന്ന യാത്രക്കാർക്ക് സഹായകരമായി രണ്ട് പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കും. ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ ആവശ്യപ്രകാരമാണ് ബസുകൾ അനുവദിച്ചത്.
രാത്രി 8.45ന് നിലന്പൂരിലെത്തുന്ന ഷൊർണൂർ- നിലന്പൂർ പാസഞ്ചർ തീവണ്ടിയിലെ യാത്രക്കാർക്കായി 8.55ന് നിലന്പൂരിൽ നിന്നാരംഭിക്കുന്ന തരത്തിലാണ് പുതിയ സർവീസ്. രാത്രി 8.45ന് നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാരംഭിക്കുന്ന സർവീസ് 8.55ന് റെയിൽവെ സ്റ്റേഷനിലെത്തും. 8.55ന് ഇവിടെ നിന്ന് ചുങ്കത്തറ, എടക്കര, മൂത്തേടം വഴി പാലേങ്ങരയിൽ സർവീസ് അവസാനിക്കും.
പുതിയ സർവീസിന്റെ ഫ്ളാഗ് ഓഫ് മൂന്നിന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിർവഹിക്കും. രാത്രി 10.5ന് നിലന്പൂരിലെത്തുന്ന എറണാകുളം-നിലന്പൂർ മെമു ട്രെയിനിലെ യാത്രക്കാർക്കായി 10.15ന് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് രണ്ടാമത്തെ ബസ്. ചുങ്കത്തറ, എടക്കര, വഴിക്കടവ് വഴി മരുത വരെയാണ് സർവീസ്. രാത്രിയിൽ നിലന്പൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് വീടുകളിലെത്താൻ ബസ് സർവീസില്ലാതെ വലിയ ദുരിതമായിരുന്നു. വൻതുക നൽകി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഈ ദുരിതത്തിന് ആശ്വാസമാവുകയാണ് പുതിയ ബസ് സർവീസുകൾ.