മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃക: വി.ഡി. സതീശൻ
1588719
Tuesday, September 2, 2025 7:59 AM IST
മലപ്പുറം: എല്ലാ കാലത്തുമുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ജീവിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്ഥാപിച്ച "അൽ അമീൻ’ പത്രത്തിന്റെ നൂറാം വാർഷികത്തിന്റെ സമാപനവും പ്രഥമ മുഹമ്മദ് അബ്ദുറഹ്മാൻ മാധ്യമ പുരസ്കാര വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദുറഹ്മാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികൾക്കാണ് മാധ്യമ സെമിനാറോടെ സമാപനമായത്.
സാമ്രാജ്യത്വത്തിന് എതിരായി ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ജിഹ്വ ആയിരുന്നു അൽ അമീൻ പത്രം. ബ്രിട്ടീഷ് കോളനിവത്കരണത്തെ ശക്തമായി എതിർത്തു. പരിമിതമായ ആശയവിനിമയ സൗകര്യങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം ഒരു പത്രം തുടങ്ങിയത്.
ശരിയായ വാർത്താവിനിമയ മാർഗങ്ങൾ ഇല്ലാതിരുന്ന കാലത്ത് നൂറു വർഷം മുന്പ് അൽ അമീൻ പത്രത്തിലൂടെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന വലിയൊരു പോരാട്ടത്തിന്റെ സന്ദേശവാഹകനായി മാറുന്ന വിധത്തിലേക്ക് അദ്ദേഹം അൽ അമീൻ പത്രത്തെ മാറ്റി. പത്രം പലപ്രാവശ്യം നിരോധിച്ചു. അബ്ദുറഹ്മാൻ സാഹിബിനെ അറസ്റ്റ് ചെയ്തു. ദേശീയ പ്രസ്ഥാനത്തിന്റെ മുഖമായി അൽ അമീൻ പത്രം മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രഥമ മുഹമ്മദ് അബ്ദുറഹ്മാൻ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാമിന് വി.ഡി. സതീശൻ സമ്മാനിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ ട്രസ്റ്റ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, മാധ്യമ പ്രവർത്തകരായ എൻ.പി. ചെക്കുട്ടി, മുൻ എംപി സി. ഹരിദാസ്, ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ വീക്ഷണം മുഹമ്മദ്, സെക്രട്ടറി പി.കെ. നൗഫൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറും നടത്തി.