യുഡിഎഫ് അധികാരത്തിലെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളുടെ മദ്യ നിരോധനാധികാരം പുനസ്ഥാപിക്കും: വി.ഡി. സതീശൻ
1588712
Tuesday, September 2, 2025 7:59 AM IST
മലപ്പുറം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ എൽഡിഎഫ് സർക്കാരിന്റെ തെറ്റായ മദ്യനയം തിരുത്തുമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം തിരിച്ച് നൽകുക, സ്കൂൾ തലം മുതൽക്കേ പാഠപുസ്തങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുക എന്നീ മദ്യനിരോധന സമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മലപ്പുറം ടൗണ് ഹാളിൽ നടന്ന കേരള മദ്യനിരോധന സമിതിയുടെ നാൽപ്പത്തിയേഴാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യവും ഇതര ലഹരികളും അനേകം കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുന്നു. മക്കൾ, മാതാപിതാക്കളെ കൊല്ലുന്ന അതിക്രൂരമായ അനേകം സംഭവങ്ങൾ അടുത്തകാലത്ത് വർധിച്ചുവരുന്നു.
ഘട്ടംഘട്ടമായി ലഹരി ഉപയോഗം കുറയ്ക്കുമെന്ന് വാഗ്ദാനം നൽകിയ ഇടതുപക്ഷ സർക്കാർ ചെയ്തത് ഘട്ടംഘട്ടമായി മദ്യവിൽപ്പന വർധിപ്പിക്കുകയാണ്. മദ്യവിൽപ്പന കൊണ്ട് വരുമാനം കൂടില്ലെന്നും മറിച്ച് ചികിൽസയ്ക്കും ക്രമസമാധാന പാലനത്തിനും ചെലവ് കൂടുമെന്നും സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ മറ്റു നിരവധി മാർഗങ്ങളുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മദ്യനിരോധനസമിതി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല മലപ്പുറം സത്യഗ്രഹം മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചതിന്റെ പ്രഖ്യാപനം സത്യഗ്രഹ സമിതി രക്ഷാധികാരി കൂടിയായ പി. ഉബൈദുള്ള എംഎൽഎ നിർവഹിച്ചു.
ഡോ. ഹുസൈൻ മടവൂർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ, ചീഫ് കോ ഓർഡിനേറ്റർ പ്രഫ ടി.എം. രവീന്ദ്രൻ, മദ്യനിരോധന മഹിളാ വേദി സംസ്ഥാന പ്രസിഡന്റ് പ്രഫ.ഒ.ജെ. ചിന്നമ്മ, ഖദീജ നർഗീസ്, ബി.ആർ. കൈമൾ കരുമാടി, സിദീഖ് മൗലവി അയിലക്കാട്, മജീദ് മാടന്പാട്ട് എന്നിവർ പ്രസംഗിച്ചു.
സമ്മേളന ശേഷം മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ പ്രകടനത്തിന് ഇയ്യച്ചേരി പത്മിനി, ടി.എം. വർഗീസ്, മേഴ്സി ജോയി, സിസ്റ്റർ ജയ, ഐ.സി. മേരി, ടി. ചന്ദ്രൻ, ആർട്ടിസ്റ്റ് ശശികല, പി. മോഹനകുമാരൻ, ലത കൈമൾ, എസ്. ചന്ദ്രബാബു, പി.വി. സഹദേവൻ, ആന്റണി പന്തല്ലൂക്കാരൻ, സിൽബി ചുനയംമാക്കൽ, മാത്യൂസ് പുതുശേരി തുടങ്ങിയവർ നേതൃത്വം നൽകി.