തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി മരിച്ചു
1581823
Wednesday, August 6, 2025 10:56 PM IST
വടകര: കോട്ടക്കല്പുഴയില് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി മരിച്ചു. പുറങ്കര മുക്രിവളപ്പില്‍ സുബയര്‍ (65) ആണ് മരിച്ചത്.
വ്യാപകമായ തെരച്ചില്‍ നടക്കുന്നതിനിടെ അയനിക്കാട് ഭാഗത്താണ് മൃതദേഹം കണ്ടെത്തി. കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പിന്നീട് മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സുബയറും മകന് സുനീറും (38) മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പെട്ടത്.
മിനി ഗോവയുടെ സമീപം പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റിലും ഒഴുക്കിലും പെട്ട് തോണി മറിയുകയായിരുന്നു. ഇരുവരും മറിഞ്ഞ തോണിയില്പിടിച്ചു നിന്നെങ്കിലും കനത്ത ഒഴുക്കില്‍ അഴിമുഖത്തേക്ക് എത്തിപ്പെട്ടു. ഇതിനിടയില്‍ സുനീര്‍ നീന്തി കരപിടിച്ചെങ്കിലും സുബയര്‍ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞ ഉടന്‍ ഈ പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും പയ്യോളി പോലീസും ഫയര്‍ഫോഴ്സും തെരച്ചലില്‍ ഏര്‍പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.