വാഹനാപകടത്തിൽ വയോധികൻ മരിച്ചു
1582359
Friday, August 8, 2025 10:16 PM IST
കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൊയില്‍ക്കാവ് കലോപ്പൊയില്‍ മാപ്പിളക്കുനി ബാലന് (75) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുതിരക്കോലം എന്ന നാടന്‍ കലാ വിഭാഗത്തിലെ സംഭാവനകള്‍ക്ക് കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. ചകിരി, ചിരട്ട, കുരുത്തോല തുടങ്ങി തനിക്ക് ലഭ്യമായ നാടന്‍ വസ്തുക്കള്‍ ചേര്‍ത്ത് മനോഹരമായ രൂപങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തനായ ബാലന് നാടന്‍പാട്ട്, നാടകാഭിനയം, ഗാനരചന തുടങ്ങി വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചു.
പൂക്കാട് കലാലയം, ചേലിയ കഥകളി വിദ്യാലയം തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. പരേതരായ കണ്ടന്റെയും മാധവിയുടെയും മകനാണ്. മാപ്പിളക്കുനി കല്യാണിയാണ് ഭാര്യ. മകന്: മാപ്പിളക്കുനി ഷൈജു. മരുമകള്‍: അതുല്യ കീഴരിയൂര്‍. സഹോദരങ്ങള്‍: വാസു കുറുവങ്ങാട്, ഗംഗാധരന് നരിനട, കല്യാണി കുറുവങ്ങാട്, പരേതരായ രാഘവന്, ഭാസ്കരന്.