ലഹരി വില്പന വഴി വാങ്ങിയ വാഹനം പോലീസ് കണ്ടു കെട്ടി
1582489
Saturday, August 9, 2025 5:21 AM IST
കോഴിക്കോട് : ലഹരി വില്പന വഴി വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി. കാസര്‍ഗോഡ് ഉള്ളാടി ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് അഷ്റഫ് (37) ലഹരി വില്പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ മോട്ടോര്‍ സൈക്കിള്‍ ആണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ലഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്.
കഴിഞ്ഞ ഏപ്രിലില്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ വെച്ച് ചേവായൂര്‍ പോലീസുംഡാന്സാഫ് ടീമും നടത്തിയ പരിശോധനയില്‍ വാഹനത്തിന്റ് സീറ്റിനടിയില്‍ ഒളിപ്പിച്ച രീതിയില്‍ 20.465 കിലോഗ്രാം കഞ്ചാവുമായി പ്രതിയും സുഹൃത്തും പിടിയിലായിരുന്നു.
ഇവര്‍ ആന്ധ്രയിൽ നിന്നു വന്‍തോതില്‍ കഞ്ചാവ് കൊണ്ട് വന്ന് കാസര്‍കോഡ് ഭാഗത്ത് സ്റ്റോക്ക് ചെയ്ത് പല സ്ഥലങ്ങളിലേക്ക് വാഹനത്തില്‍ എത്തിച്ച് കൊടുക്കുന്നതാണ് രീതി. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ലഹരി വില്പന നടത്തിയത് .
പ്രതി ലഹരി വിറ്റ് വാങ്ങിയ വാഹനമാണ് ചേവായൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് നല്കിയ റിപ്പോര്‍ട്ട് പ്രകാരം കണ്ടുകെട്ടിയത്. മറ്റു വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും, ആഡംബരപൂര്‍ണ്ണമായ ജീവിതം നയിച്ചതും ലഹരി വില്പനയില് നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ചേവായൂര്‍ പോലീസ് പ്രതിയുടെ സ്വത്തുക്കള്‍ കണ്ടുകിട്ടുന്നതിനുള്ള നടപടികള്‍ എടുക്കുകയും റിപ്പോര്‍ട്ട് ചെന്നെ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് വാഹനം കണ്ടുകെട്ടിയത്. നിലവില്‍ പ്രതി കോഴിക്കോട് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്.