ചക്കിട്ടപാറയിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം രൂക്ഷം
1582259
Friday, August 8, 2025 5:55 AM IST
ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം രൂക്ഷമായി. 10, 11 വാർഡുകളിൽ പെട്ട കൃഷിയിടങ്ങളിലാണ് കൂടുതലായി ഇത് കണ്ടു വരുന്നത്. മേഖലയിൽ നിരവധി കർഷകരുടെ കൃഷി നശിച്ചതായി പറയുന്നു. കൃഷി നാശം കൂടാതെ ആരോഗ്യത്തിനും ഹാനികരമാണ് ഇത്തരം ഒച്ചുകളെന്ന് ജനങ്ങൾ പറയുന്നു.
വിഷയം ചർച്ച ചെയ്യാനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനുമായി ബന്ധപ്പെട്ടവരുടെ യോഗം ഇന്ന് രാവിലെ 11 ന് ചക്കിട്ടപാറ പഞ്ചായത്ത് ഹാളിൽ ചേരും. ഭരണ സമിതി അംഗങ്ങൾ, എഡിസി അംഗങ്ങൾ, കൃഷി വിദഗ്ധർ, ആരോഗ്യ വകുപ്പ്, കർഷക പ്രതിനിധികൾ തുടങ്ങിയവരുടെ യോഗമാണ് ചേരുന്നതെന്ന് ചക്കിട്ടപാറ കൃഷി ഓഫീസർ രശ്മ നായർ അറിയിച്ചിട്ടുണ്ട്.
കർഷകൻ കാപ്പുകാട്ടിൽ ബേബിയാണ് കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കാർഷിക വികസന സമിതിയിൽ ഒച്ച് പ്രശ്നം അവതരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലും ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനമുണ്ട്.
കൃഷി ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കൃഷിയിടങ്ങൾ സന്ദർശിച്ചതോടെയാണ് സർവകക്ഷി യോഗം ചേരാൻ തീരുമാനമായത്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.