അഗസ്ത്യന്മുഴി പെരുമ്പടപ്പ് വിദേശമദ്യശാല : ലൈസൻസ് റദ്ദ് ചെയ്യാൻ നഗരസഭ തീരുമാനം
1581984
Thursday, August 7, 2025 5:27 AM IST
മുക്കം: മുക്കം നഗരസഭയിലെ പത്താം ഡിവിഷന് അഗസ്ത്യന്മുഴി പെരുമ്പടപ്പില്‍ ഒരു വർഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച വിദേശ മദ്യശാലയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ മുക്കം നഗരസഭ ഭരണ സമിതി തീരുമാനം. ബുധനാഴ്ച നടന്ന പ്രത്യേക ഭരണ സമിതിയോഗത്തിലാണ് തീരുമാനം. വിദേശമദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ വിപിൻ ഉൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് പരാതിക്കാരനെയും ബീവറേജസ് കോർപറേഷനെയും കേൾക്കണമെന്നും ഭരണ സമിതി വിഷയം ചർച്ച ചെയ്യണമെന്നും നഗരസഭയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്നലെ ഭരണ സമിതി യോഗം ചേർന്നതും ലൈസൻസ് റദ്ദാക്കാൻ തീരുമാനമെടുത്തതും. റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ സെക്രട്ടറി ഉടൻ നോട്ടീസ് നൽകുമെന്ന് ചെയർമാർ പി.ടി. ബാബു പറഞ്ഞു. ഭരണ സമിതി യോഗത്തിൽ പ്രതിപക്ഷത്ത് യുഡിഎഫ്, വെൽഫെയർ പാർട്ടി, ബിജെപി, ലീഗ് വിമതൻ ഉൾപ്പെടെ 17 പേരും ഭരണപക്ഷത്ത് 13 പേരുമാണ് ഉണ്ടായിരുന്നത്. ഈ 30 പേരും ബീവറേജസ് ഔട്ട് ലെറ്റിനെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു.
അതേ സമയം ഒരു വർഷത്തോളമായി നിരവധി കള്ളക്കളികൾ കളിച്ച് ബീവറേജസ് ഔട്ട് ലെറ്റ് നടത്താൻ ഒത്താശ ചെയ്ത ഭരണപക്ഷം ഭരണ സമിതിയിൽ ഭൂരിപക്ഷം നഷ്ടമാവുമെന്ന് കരുതിയാണ് പ്രതിപക്ഷത്തിനൊപ്പം നിന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. ബീവറേജസ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട് ജൂലൈ 30ന് നടക്കേണ്ട യോഗം വെള്ളപ്പൊക്കത്തിന്റെ പേരു പറഞ്ഞ് മാറ്റി ഓഗസ്റ്റ് രണ്ടിലേക്ക് വയ്ക്കുകയും അന്ന് നടന്ന യോഗം ലൈസൻസ് അപേക്ഷ തള്ളുകയും ചെയ്തെങ്കിലും അത് പരിഗണിക്കാതെ സെക്രട്ടറിക്ക് വേണ്ടി ക്ലീൻ സിറ്റി മാനേജർ ലൈസൻസ് കൊടുക്കുകയാണ് ഉണ്ടായതെന്ന് പ്രതിപക്ഷം പറയുന്നു.
തുടർന്ന് നിയമ പോരാട്ടത്തിലൂടെ ഹൈക്കോടതിയിൽ പോയി ഔട്ട്ലെറ്റിനെതിരേ നടപടി വാങ്ങുകയാണ് ഉണ്ടായത്. പരാതിക്കാരനെ കേൾക്കണമെന്ന നിർദേശം പോലും ആറാം മാസം പൂഴ്ത്തി വച്ച് ലൈസൻസ് പുതുക്കി നൽകുകയായിരുന്നു. എന്നാൽ ചട്ടം ഏഴ് പ്രകാരം പ്രതിപക്ഷത്തെ 14 പേർ പ്രത്യേക യോഗം വിളിക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.