ഉരുളിന്റെ ഓർമയിൽ കണ്ണീരൊഴിയാതെ 13 വർഷങ്ങൾ... ഇല്ലാതായത് ഒരു നാടിന്റെ സ്വപ്നം
1581994
Thursday, August 7, 2025 5:31 AM IST
പ്രതീഷ് ഉദയൻ
തിരുവമ്പാടി: മലയോര കുടിയേറ്റ മേഖലയെ നടുക്കിയ പുല്ലൂരാംപാറ ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നലെ 13 വർഷം തികഞ്ഞു. 2012 ഓഗസ്റ്റ് ആറിന് വൈകുന്നേരമായിരുന്നു എട്ടു പേരുടെ ജീവൻ അപഹരിക്കുകയും ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷകൾ തകർത്തെറിയും ചെയ്ത ദുരന്തം. പേമാരിയോടൊപ്പം കൂറ്റൻ പാറക്കല്ലുകളും മരങ്ങളും മണ്ണുമായി ആർത്തലച്ചെത്തിയ ഉരുൾ നാടിനെ പിഴുതെറിയുകയായിരുന്നു.
കൊടക്കാട്ടുപാറ ഭാഗത്തുനിന്നായിരുന്നു തുടക്കം. മണിക്കൂർ കഴിഞ്ഞ തോടെ ചെറുശേരിക്കുന്ന്, മാവിൻചുവട് ഭാഗങ്ങളിലും ഉരുൾ പൊട്ടലുണ്ടായി. ചെറുശേരിക്കുന്നിൽ പത്തിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം എട്ടുപേർ മരിച്ചു. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും നഷ്ടപ്പെട്ട കുടുംബത്തിൽ ശേഷിച്ച യുവാവിന് പിന്നീട് സർക്കാർ ജോലി നൽകി. ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ്, പിതാവ് സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വന്ന പെൺകുട്ടി തോടു മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽപെട്ടു മരിച്ചത്.
ആനക്കാംപൊയിലിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് റവന്യു വകുപ്പ് നിർമിച്ച ദുരിതാശ്വാസ ക്യാന്പിൽ 24 കുടുംബങ്ങൾ ഏഴ് വർഷത്തോളം താമസിച്ചു. വീടുകൾ ഭാഗികമായി തകർന്ന 11 കുടുംബങ്ങൾക്ക് താമരശേരി രൂപതയുടെ കീഴിലുള്ള സന്നദ്ധ സംഘടനയായ സിഒഡിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിനുള്ളിൽ സ്ഥലം എടുത്ത് വീട് നിർമിച്ചു നൽകി.
പിന്നീട് പൂർണമായി വീട് തകർന്ന കുടുംബങ്ങൾക്ക് അരിപ്പാറയിൽ സർക്കാർ ഭൂമി വാങ്ങി നൽകുകയും ഭവന നിർമാണത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ദുരന്തത്തിൽ അകപ്പെട്ടവർ ക്യാന്പ് വിട്ട് പോയി. വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 13 വർഷം മുൻപത്തെ ഉരുൾപരമ്പര ഇപ്പോഴും പേടി സ്വപ്നമായി അലട്ടുകയാണ്. ഒരു നാടിന്റെ സ്വപ്നങ്ങളാണ് ഉരുൾ എടുത്തത്.