ഹാർബറിലെ ഓടകളിലേക്ക് ശുചിമുറി മാലിന്യം; കേസെടുത്തു
1581990
Thursday, August 7, 2025 5:27 AM IST
കോഴിക്കോട്: ലോഡ്ജുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള ശുചിമുറി മാലിന്യങ്ങൾ ഹാർബറിലെ ഓടകളിൽ ഒഴുക്കിവിടുന്നത് പതിവാണെന്ന പരാതിയെകുറിച്ച് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. കോഴിക്കോട് കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ, പോർട്ട് ഓഫീസർ, ബേപ്പൂർ എസ്എച്ച്ഒ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. 26ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഫൈബർ ടാങ്കുകളിൽ നിറച്ച മാലിന്യങ്ങൾ മിനി ലോറിയിൽ കൊണ്ടു വന്നാണ് ഓടകളിൽ തള്ളുന്നത്. അറവുശാലകളിലെ മാലിന്യങ്ങളും ഓടകളിൽ തള്ളുന്നുണ്ട്. മാലിന്യടാങ്കുകൾക്ക് മുകളിൽ മത്സ്യം നിറയ്ക്കുന്ന പെട്ടികൾ നിരത്തി മത്സ്യം കയറ്റാനാണെന്ന വ്യാജേനയാണ് ലോറികൾ ഹാർബറിൽ പ്രവേശിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ട്രോളിംഗ് നിരോധനം അവസാനിച്ച ദിവസങ്ങളിൽ തന്നെ ഓടകൾ മാലിന്യങ്ങളാൽ നിറഞ്ഞു. ഹാർബറിന്റെ തെക്ക് ഭാഗത്താണ് മലിനജലം ഒഴുകിയെത്തുന്നത്. മത്സ്യം ഇറക്കി ഹാർബറിലേക്ക് തിരിച്ചെത്തുന്ന വാഹനങ്ങളിലെ മാലിന്യങ്ങളും ഓടകളിൽ ഒഴുക്കിവിടുന്നത് പതിവാണെന്ന് പരാതിയുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.