ചക്കിട്ടപാറയുടെ വികസനം: മലയോര ഹൈവേയുടെ പ്രവൃത്തി മുന്നോട്ട്
1581993
Thursday, August 7, 2025 5:27 AM IST
ചക്കിട്ടപാറ: 12 മീറ്ററിലധികം വീതിയിൽ മലയോര ഹൈവേയുടെ പ്രവൃത്തി ചക്കിട്ടപാറ ടൗണിൽ മുന്നേറുന്നു. രണ്ടര മാസത്തിനുള്ളിൽ വിവിധ സമയങ്ങളിൽ അഞ്ചു പ്രാവശ്യം ടൗണിൽ സർക്കാർ സർവേയർമാർ അളന്നപ്പോൾ എട്ടര മുതൽ പത്തര മീറ്റർ വരെയാണ് വീതി കണ്ടെത്തിയിരുന്നത്. ഇതിനെതിരേ നാട്ടുകാർ രംഗത്തു വരികയും മുമ്പ് അക്വസിഷനിലൂടെ പൊതുമരാമത്ത് വകുപ്പ് പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റോഡ് വികസനത്തിനു വേണ്ടി പണം നൽകി ഏറ്റെടുത്ത സ്ഥലത്തിന്റെ കാര്യം അന്വേഷിക്കുകയുമുണ്ടായി.
ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമ്മിക്കാനാവശ്യമായ സ്ഥലത്തിനു അവകാശപ്പെടുന്ന വീതിയിൽ സ്ഥലമില്ലെന്നായിരുന്നു ഈ കാലമത്രയും അധികാരമുള്ള പലരുടെയും വാദം. ടൗണിൽ റോഡിന്റെ സ്കെച്ച് കാണുന്നില്ലെന്നും ഇവർ പ്രചരിപ്പിച്ചു. ബിജെപി ചക്കിട്ടപാറ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ബാബു പുതുപ്പറമ്പിൽ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി എന്നിവർ ഭാരവാഹികളായ ജനകീയ സമിതിയുടെ അന്വേഷണത്തിൽ ചക്കിട്ടപാറ ടൗണിലെ റോഡിന്റെ യഥാർഥമെന്നു കരുതുന്ന സ്കെച്ച് ബന്ധപ്പെട്ട സർക്കാർ ഓഫീസിൽ നിന്നു ശേഖരിച്ചു.
ഇത് ഈ മാസം നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ അംഗം രാജൻ വർക്കി അവതരിപ്പിച്ച ശേഷം തഹസിൽദാർക്കു കൈമാറി. ഇത് മാധ്യമങ്ങളിൽ വാർത്തയായ അഞ്ചാം തിയതി ഉച്ചയോടെ പഞ്ചായത്തു പ്രസിഡന്റിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചക്കിട്ടപാറ ടൗണിലെ പെരുവണ്ണാമൂഴി റോഡ് ഭാഗം അളന്നപ്പോൾ മറഞ്ഞിരുന്ന അളവ് പുറത്തായി. ഇപ്പോൾ മലയോര ഹൈവേയുടെ വീതി ഇവിടെ 13.55 മീറ്റർ വരെയാണ്.