തെലുങ്കാന പവര്‍ ലിഫ്റ്റിംഗ് അത്ലറ്റുകളുടെ നഷ്ടപ്പെട്ട സ്വര്‍ണ മെഡലുകള്‍ മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെത്തി
1581978
Thursday, August 7, 2025 5:09 AM IST
കോഴിക്കോട് : ദേശീയ തലത്തിലുള്ള മാസ്റ്റേഴ്സ് പവര്‍ലിഫ്റ്റിംഗ് മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ തെലങ്കാന അത്ലറ്റുകളുടെ നഷ്ടപ്പെട്ട മെഡലുകള്‍ കണ്ടെത്തി നല്കി കോഴിക്കോട് ടൗണ്‍ പോലീസ്.
കോഴിക്കോട് വി.കെ. കൃഷ്ണ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ദേശീയതല മാസ്റ്റേഴ്സ് പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുത്ത തെലുങ്കാന അത്ലറ്റുകള് മികച്ച വിജയം കരസ്ഥമാക്കുകയും എട്ടോളം സ്വര്‍ണ മെഡലുകള്‍ നേടുകയും ചെയ്തിരുന്നു.
ഈ മത്സരങ്ങള്‍ക്കുശേഷം റൂമിലേക്ക് മടങ്ങിയ അത്ലറ്റുകളുടെ യാത്ര ചെയ്ത ഓട്ടോയില്‍ സ്വര്‍ണ മെഡലുകള്‍ അടങ്ങിയ ബാഗ് മറന്ന്വയ്ക്കുകയായിരുന്നു. റൂമിലെത്തി മെഡലുകള്‍ വച്ച ബാഗ് കാണാതായെന്ന് മനസിലാക്കിയ അത്ലറ്റുകള് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞു.
ടൗണ്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിതേഷിന്റെ നേതൃത്വത്തില്‍ എസ്ഐ സജി ഷിനോബ്,എസ്സിപി ഒ പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സിറ്റിയിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയനില്‍ വിവരം അറിയിക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.
മണിക്കൂറുകള്‍ക്കുള്ളില്‍ അത്ലറ്റുകള് മെഡലുകള്‍ മറന്നുവച്ച ഓട്ടോ പോലീസ് കണ്ടെത്തി. ടൗണ്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിതേഷ് സ്റ്റേഷനില്‍ വച്ച് സ്വര്‍ണ മെഡലുകള്‍ നേടിയ തെലങ്കാന അത്ലറ്റുകളെ സ്വര്‍ണ മെഡലുകള്‍ കഴുത്തലണിയിച്ച് ആദരിച്ചു.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ബാഗുകള്‍ കണ്ടെത്തി നല്‍കിയതിന് കേരള പോലീസിന് അത്ലറ്റുകള് നന്ദി പറഞ്ഞു.