വോട്ടര്‍ പട്ടിക; ജില്ലയില്‍നിന്ന് പുതുതായി അപേക്ഷിച്ചത് രണ്ടര ലക്ഷത്തോളം പേര്
1582493
Saturday, August 9, 2025 5:21 AM IST
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 2,45,091 പേര്. ജൂലൈ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഇത്രയും പേര് ഓണ്‍ലൈനായി അപേക്ഷ നല്‍കിയത്.
ഇതിനു പുറമെ, കരട് വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 697 അപേക്ഷകളും ഒരു വാര്‍ഡില്‍നിന്ന് മറ്റൊരിടത്തേക്ക് പേര് മാറ്റത്തിന് 9,566 അപേക്ഷകളും വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ 36,920 അപേക്ഷകളുമാണ് ഇതിനകം ലഭിച്ചത്.
12 വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകുക. ഓഗസ്റ്റ് ഏഴ് വരെ നിശ്ചയിച്ചിരുന്ന തീയതി പിന്നീട് ദീര്‍ഘിപ്പിക്കുകയായിരുന്നു.
2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം. ഇതോടൊപ്പം പട്ടികയിലെ വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് (https://sec.kerala.gov.in) വഴി അപേക്ഷിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.